റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വിധേയനായ മൂന്നര വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍
തൃശ്ശൂര്‍: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നര വയസുകാരൻ മരിച്ചു. പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി കെവിൻ-ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണ്‍ മരിച്ചത്.
ഇന്നലെ വൈകിട്ടാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്കായി കുട്ടിയെ മലങ്കര മെഡിക്കല്‍ മിഷൻ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രാവിലെ ശസ്ത്രക്രിയ നടത്തിയ ശേഷം എട്ടരയോടെ കുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യനിലയില്‍ പ്രശ്നമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഓക്സിജന്റെ അളവില്‍ കുറവ് വന്നുവെന്നും ഹൃദയാഘാതം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുന്നംകുളം പൊലീസിന്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിതീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.