അടുത്ത പാകിസ്താൻ പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് ബിലാവല്‍ ഭൂട്ടോ
കറാച്ചി: പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് പാകിസ്താൻ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്മാൻ ബിലാവല്‍ ഭൂട്ടോ സര്‍ദാരി.
പ്രധാനമന്ത്രി പദത്തിനു വേണ്ടി കരുക്കള്‍ നീക്കുന്ന ലാഹോറില്‍ നിന്നുള്ള പാകിസ്താൻ മുസ്ലീം ലീഗ്-എൻ വിഭാഗം നേതാവ് നവാസ് ഷെരീഫിനെ സൂചിപ്പിച്ചാണ് ബിലാവല്‍ ഭൂട്ടോയുടെ പരിഹാസമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടനില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് ഈയിടെയാണ് നവാസ് ഷെരീഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്. 2024 ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പി.പി.പി ഒറ്റയ്ക്ക് മത്സരിക്കും. തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ആരെയും ആശ്രയിക്കില്ല. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ തങ്ങള്‍ നോക്കുന്നത് ജനങ്ങളിലേക്കാണ്.
മറ്റെവിടെയും നിന്ന് ഞങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന വ്യക്തി മാത്രമായിരിക്കും പ്രധാനമന്ത്രി. ഇത്തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് താൻ മനസ്സിലാക്കുന്നു. സിന്ധിലെ 14 ജില്ലകളിലെ ഉപതിരഞ്ഞെടുപ്പില്‍ പി.പി.പി വൻ വിജയം നേടിയതിന് പിന്നാലെയാണ് ബിലാവലിന്റെ പ്രസ്താവന.