ഗാസയില്‍ അവയവങ്ങള്‍ നീക്കുന്നത് അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ – WHO

ഗാസ സിറ്റി: ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന.

അനസ്തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍ ചില ഡോക്ടര്‍മാര്‍ അവയവങ്ങള്‍ നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡബ്ല്യുഎച്ച്‌ഒ ചൂണ്ടിക്കാട്ടി. ഗാസയില്‍ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവൻ നിലനിര്‍ത്തുന്നതിനാവശ്യമായവയുടെ വിതരണം തടസ്സപ്പെടുന്നതിലും ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക അറിയിച്ചു. ചുരുങ്ങിയത് 500 ട്രക്കുകളില്ലെങ്കിലും ദിവസവും ഗാസയ്ക്ക് സഹായം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്ത്യൻ ലിൻഡമീയര്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക എന്നത് പ്രായസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്യൂട്ടിയിലായിരിക്കുമ്ബോള്‍ ചുരുങ്ങിയത് 16 ആരോഗ്യപ്രവര്‍ത്തകരെങ്കിലും ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്. അല്‍-ശാതി അഭയാര്‍ഥി ക്യാമ്ബില്‍ ചൊവ്വാഴ്ചയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ കൊല്ലപ്പെട്ടിരുന്നു.

ഗാസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെ റെഡ്ക്രോസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകളാണ് അക്രമിക്കപ്പെട്ടത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. ഗാസയിലെ യുദ്ധം ഒരുമാസം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ യു.എസ്. വാര്‍ത്താ ചാനലായ എ.ബി.സി. ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു നയം വ്യക്തമാക്കിയത്.

”ഗാസയുടെ സമ്ബൂര്‍ണ സുരക്ഷാനിയന്ത്രണം വീണ്ടെടുക്കുംവരെ യുദ്ധം തുടരും. അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കും. അതു ഞങ്ങളുടെ കൈയിലില്ലെങ്കില്‍ നമുക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും വലിയരീതിയില്‍ ഹമാസ്ഭീകരതയുടെ പൊട്ടിത്തെറിയുണ്ടാകും” -അദ്ദേഹം പറഞ്ഞു.

അതേ സമയം ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്ന 240-ഓളംപേരെ വിട്ടുകൊടുക്കാതെ ഗാസയില്‍ വെടിനിര്‍ത്തില്ലെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍, ചില പ്രദേശങ്ങളിലായി ഒരുമണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കാം. സാഹചര്യങ്ങള്‍ നോക്കി ജീവകാരുണ്യസഹായത്തിന് വഴിയൊരുക്കാമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലുള്ളവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാൻ യുദ്ധത്തിന് ചെറുവിരാമം വേണമെന്ന് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായ യു.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തലാണ് യു.എന്നും മറ്റ് ഒട്ടേറെ രാജ്യങ്ങളും ആവശ്യപ്പെടുന്നത്.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ സമ്മതത്തോടെ ഏറ്റുമുട്ടല്‍ തത്കാലത്തേക്കു നിര്‍ത്തിവെക്കുക എന്നാണ് വെടിനിര്‍ത്തലിന് യു.എൻ. നല്‍കുന്ന നിര്‍വചനം. രണ്ടുകൂട്ടരുമായി ചര്‍ച്ചചെയ്തുണ്ടാക്കുന്ന ഉടമ്ബടിയാണിത്. എന്നാല്‍, സഹായങ്ങള്‍ എത്തിക്കാൻവേണ്ടിമാത്രം യുദ്ധഭൂമിയിലെ ചിലയിടങ്ങളില്‍ അല്പനേരത്തേക്ക് ഏറ്റുമുട്ടല്‍ നിര്‍ത്തുക എന്നതാണ് യു.എസ്. ഉദ്ദേശിക്കുന്നത്.