പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നു; അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിക്കും

കൊച്ചി: പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നു. ജോയിന്റ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ എട്ടുമണിവരെ 24 മണിക്കൂര്‍ സമയത്തേക്കാണ് സമരം.

അത്യാഹിതവിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്കരിക്കും. റെസിഡൻസി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കുന്നതിനാല്‍ ആശുപത്രികളുടെ സേവനം ഭാഗികമായി തടസപ്പെടും. സ്റ്റൈപന്റ് തുക വര്‍ധിപ്പിക്കുക, നിര്‍ബന്ധിത ബോണ്ടില്‍ അയവുവരുത്തുക, സീനിയര്‍ റസിഡൻസ് സീറ്റുകള്‍ വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഹൗസ് സര്‍ജൻമാര്‍ ഉള്‍പ്പെടെയാണ് സമരം നടത്തുന്നത്.

‘യോഗ്യത നേടിയ ഫോറിൻ മെഡിക്കല്‍ ഗ്രാജുവേറ്റ്സാണ് (എഫ്.എം.ജി.) ഓരോ ജനറല്‍ ആശുപത്രിയിലും ജോലി ചെയ്യുന്നത്. സ്റ്റൈപന്റ് വര്‍ധിപ്പിക്കുക എന്നത് 2019 മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ റൂള്‍ അനുസരിച്ച്‌ 2022 മെയ് 19 ന് വന്ന സര്‍ക്കുലര്‍ പ്രകാരം ഇന്ത്യൻ മെഡിക്കല്‍ ഗ്രാജുവേറ്റ്സിനു കൊടുക്കുന്നതുപ്പോലെ തുല്യമായ സ്റ്റൈപന്റ് എഫ്.എം.ജി.കള്‍ക്കും കൊടുക്കേണ്ടാതാണ്. എന്നാല്‍ ഇതിന് യാതൊരുവിധ നടപടികളുമുണ്ടായിട്ടില്ല’ – ഡോ. ഗോപിക സുരേഷ് പറഞ്ഞു.

വിദ്യാഭ്യാാസ വായ്പ എടുത്തുപഠിച്ച നിരവധി വിദ്യാര്‍ത്ഥികളാണുള്ളത്. സീറോ സ്റ്റൈപന്റിലാണ് ജോലി ചെയ്യുന്നത്. ഉണ്ണാതെയും ഉറങ്ങാതെയും മണിക്കൂറുകള്‍ ജോലി ചെയ്യുന്നവരാണ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയല്ല, വിഷയത്തിലേക്ക് ശ്രദ്ധ ആവശ്യപ്പെടുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.