പ്രവാസി തൊഴിലാളികൾക്കായുള്ള സ്ഥലത്ത് റെയ്ഡ്, വന്‍ ‘മദ്യക്കൂമ്പാരം’, 11,500ലേറെ മദ്യക്കുപ്പികള്‍ പിടികൂടി
മസ്കറ്റ്: ഒമാനിൽ 11,500ലധികം മദ്യക്കുപ്പികള്‍ കസ്റ്റംസ് അധികൃതർ പിടികൂടി. വടക്ക്, തെക്ക് അൽ ബത്തിന ഗവർണറേറ്റുകളിൽ നിന്നാണ് ഇവ പിടികൂടിയത്. സുഹാർ, ബർക്ക വിലായത്തുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്രവാസി തൊഴിലാളികൾക്കായി വൻതോതിൽ ലഹരിപാനീയങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് വകുപ്പാണ് പരിശോധന നടത്തിയത്. റെയ്ഡിൽ വൻതോതിൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ബർക്ക വിലായത്തിൽ മദ്യം നിറച്ച ട്രക്കും പിടിച്ചെടുത്തു.
അതേസമയം കഴിഞ്ഞ ദിവസം ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ റോയൽ ഒമാൻ പൊലീസ് പിടിയിലായി. ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെയാണ് വടക്കൻ ബാത്തിനാ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. അമ്പത് കിലോയിലധികം ക്രിസ്റ്റൽ മെത്ത് ബോട്ടിൽ കടത്തിയതിനാണ് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.