ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിരമിഡുകള്‍ ഉള്ളത് ഈജിപ്തിലാണ്. ഏറ്റവും വൈവിധ്യവും സമ്പത്തും അടക്കം ചെയ്ത പിരമിഡുകളും ഈജിപ്തിലാണുള്ളത്. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തില്ല. മറിച്ച് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിലെ ‘ഗുനുങ് പഡാങാ’ണ് (Gunung Padang) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് എന്ന് പുരാവസ്തു ഗവേഷകരും ജിയോഫിസിസ്റ്റുകളും ജിയോളജിസ്റ്റുകളും പാലിയന്‍റോളജിസ്റ്റുകളും അടങ്ങിയ ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നു. ആർക്കിയോളജിക്കൽ പ്രോസ്‌പെക്‌ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ പുരാതന സംസ്കാരം ലോകത്തിലെ ഏറ്റവും പഴക്കമുള്ളതാണെന്ന് അവകാശപ്പെടുന്നത്.

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിൽ നിര്‍ജ്ജീവമായ അഗ്നിപർവ്വതത്തിന്‍റെ മുകളിലാണ് ഗുനുങ് പഡാങ് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ ഇവിടം ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. 1998-ലാണ് ഗുനുങ് പഡാങ് സാംസ്കാരിക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടത്. ഗ്രഹാം ഹാന്‍കോക്കിന്‍റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസായ ഏന്‍ഷ്യന്‍റ് അപ്പോകാലിപ്സിലെ (Ancient Apocalypse) ഒരു ഡോക്യുമെന്‍ററി ഈ പിരമിഡിനെ കുറിച്ചാണ്. കുന്നിന്‍റെ സ്വഭാവത്തെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ചിലര്‍ ഇത് പ്രകൃതിദത്തമായ കുന്നാണെന്നും എന്നാല്‍ അതിന്‍റെ മുകളില്‍ മനുഷ്യ നിര്‍മ്മികള്‍ സ്ഥാപിക്കപ്പെടുകയായിരുന്നെന്നും വാദിക്കുന്നു. മറ്റ് ചിലര്‍ കുന്ന് മുഴുവനായും മനുഷ്യനിര്‍മ്മിതിയാണെന്നും വാദിക്കുന്നു.

2011 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ, സീസ്മിക് ടോമോഗ്രഫി, ഇലക്ട്രിക്കൽ റെസിസിവിറ്റി ടോമോഗ്രഫി, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ എന്നിവ ഉപയോഗിച്ച് ഗവേഷകര്‍ പിരമിഡിന്‍റെ ഘടന പഠനവിധേയമാക്കി. റേഡിയോകാർബൺ ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് കുന്നിന്‍റെ പാളികളുടെ പ്രായവും ഗവേഷകര്‍ കണക്കാക്കി. കുന്ന് പ്രകൃതിദത്തമല്ലെന്നും മറിച്ച് പൂര്‍ണ്ണമായും ഒരു മനുഷ്യ നിര്‍മ്മിതിയാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്ത് ഘട്ടം ഘട്ടമായിട്ടാണ് ഈ പിരമിഡിന്‍റെ നിര്‍മ്മാണമെന്നും ഗവേഷകര്‍ പറയുന്നു. പിരമിഡിന്‍റെ ഏറ്റവും താഴ്ചയേറിയ ഭാഗം 30 മീറ്റർ ഭൂമിക്കടിയിലാണ്.

പിരമിഡിന്‍റെ ഏറ്റവും പഴക്കം ചെന്ന ഘടനകള്‍ 25,000 ബിസിക്കും 14,000 ബിസിക്കും മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ്. അതായത് ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പിരമിഡാണ് ഇതെന്ന് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നു. ആദ്യത്തെ ഘടന അതിനകം നിര്‍ജ്ജീവമായ ഒരു അഗ്നിപര്‍വ്വതത്തിന്‍റെ മുകളിലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് ഈ ഘടനയ്ക്ക് മുകളില്‍ അടുത്തത് പണിയുകയായിരുന്നു. അതും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 7,900 മുതൽ 6,100 ബിസി വരെയുള്ള കാലത്ത്. ഇക്കാലത്ത് മറ്റൊരു സംഘം വലിയ പാറകളുടെയും മറ്റും ഘടനകള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാമത് 6000-ബിസിക്കും 5500- ബിസിക്കും ഇടയിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. ഇക്കാലത്ത് ചില ദൈര്‍ഘ്യമേറിയ കുഴികള്‍ നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ വീണ്ടും അജ്ഞാതമായ കാരണങ്ങളെ തുടര്‍ന്ന് നിര്‍മ്മാണം നിലച്ചു. പിന്നീട് 2,000 ബിസിക്കും 1,100 ബിസിക്കും ഇടയില്‍ വീണ്ടു മറ്റൊരു സംഘം ഈ പിരമിഡിന്‍റെ ഭാക്കി ഘടന കൂടി നിര്‍മ്മിച്ചു. മണ്ണു കല്ലും ഉപയോഗിച്ചുള്ള ഇക്കാല നിര്‍മ്മിതിയില്‍ മട്ടുപ്പാവ് തുടങ്ങിയ ഘടനകള്‍ കൂട്ടി ചേര്‍ക്കപ്പെട്ടെന്നും ഗവേഷകര്‍ പറയുന്നു. അതേ സമയം ഈ പിരമിഡിനുള്ളില്‍ ചില ഭാഗങ്ങള്‍ ശൂന്യമാണെന്നും ഗവേഷണ സംഘം കണ്ടെത്തി. ഈ ശൂന്യമായ സ്ഥലങ്ങളിലേക്ക് കാമറകള്‍ കയറ്റി കൂടുതല്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സംഘം.