യുവാവിനെ മര്‍ദിച്ച സംഭവം പുനരന്വേഷിക്കണമെന്ന് കുടുംബം

ചെറുതോണി: അപകടത്തില്‍പെട്ട് പ്ലാസ്റ്ററിട്ടിരുന്ന കാല്‍ ആക്രമികള്‍ ചവിട്ടിയൊടിച്ചതോടെ ജീവിതം ദുരിതത്തിലായി ദലിത് യുവാവ്.
കരിമ്ബൻ തങ്കപ്പൻ സിറ്റി അരീപ്ലാക്കല്‍ ശ്രീകാന്തിനാണ് (29) ദുരനുഭവം.
കഴിഞ്ഞ ഏഴിനാണ് സംഭവം. ആലുവയിലെ അമ്മ വീട്ടില്‍ പോയി രാത്രി 11ന് കരിമ്ബൻ സ്റ്റാൻഡില്‍ വന്നിറങ്ങിയ ശ്രീകാന്ത് അയല്‍വാസിയും സുഹൃത്തുമായ ഓട്ടോ ഡ്രൈവറെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നത് കണ്ടു. തടസ്സം പിടിക്കാൻ ഓടിച്ചെന്ന ശ്രീകാന്തിനെയും അവര്‍ മര്‍ദിച്ചു.
ഒടിഞ്ഞ കാലില്‍ ചവിട്ടുകയും ചെയ്തു. രാത്രി തന്നെ നാട്ടുകാര്‍ ശ്രീകാന്തിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അവിടെ ചികിത്സയില്‍ കഴിഞ്ഞു. ശ്രീകാന്തിന്‍റെ പരാതിയനുസരിച്ച്‌ തൃശൂര്‍ അന്തിക്കാട് സ്വദേശികളായ എട്ടുപേരെ കരിമ്ബനിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തെങ്കിലും അവരെ അന്നുതന്നെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
ശ്രീകാന്ത് കിടപ്പിലായതോടെ കുടുംബത്തിന്‍റെ ജീവിതം വഴിമുട്ടി. പിതാവ് കുഞ്ഞപ്പനും ശ്രീകാന്തും കൂലിപ്പണിയെടുത്താണ് കുടുംബം
പുലര്‍ത്തിയിരുന്നത്. ആകെയുള്ളത് നാല് സെന്‍റ് സ്ഥലവും പണിതീരാത്ത വീടുമാണ്. കേസ് വീണ്ടും പുനരന്വേഷിക്കണമെന്നും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.