അള്‍ത്താരയില്‍ പ്രകാശംവിതറി അതിഥി തൊഴിലാളി
തിരുവല്ല: ‘കപ്യാര്‍ ആവോ’ എന്ന് തിരുവല്ല ചാത്തങ്കേരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലെ പുരോഹിതൻ നീട്ടി വിളിച്ചു.
ചിലര്‍ക്ക് കൗതുകം. ചിലര്‍ക്ക് പരിചിത ഭാവം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അച്ഛൻ ഹിന്ദിക്കാരനായതുകൊണ്ടല്ല ഈ ഹിന്ദിമയം. കപ്യാര് അങ്ങ് ത്സാര്‍ഖണ്ഡില്‍ നിന്നാണ്.
കേരളത്തില്‍ തന്നെ ആദ്യമായാണ് അതിഥി തൊഴിലാളിയായി എത്തിയ ഒരാള്‍ കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്. കേരളത്തിലെ തൊഴിലിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ എത്രത്തോളം കടന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കപ്യാര്‍.
ചാത്തങ്കേരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ എത്തുന്ന ഏവര്‍ക്കും പ്രിയങ്കരനാണ് ത്സാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍നയ. കഴിഞ്ഞ അഞ്ചുവര്‍ഷമായി പള്ളിയിലെ എല്ലാ കാര്യങ്ങളും തികഞ്ഞ അച്ചടക്കത്തോടെയാണ് അനുഷ്ഠിച്ച് വരുന്നതെന്ന് ഇടവക അംഗങ്ങളും പറയുന്നു.
ക്രൈസ്തവ പാരമ്ബര്യത്തില്‍ വളര്‍ന്ന തന്റെ കുടുംബാന്തരീക്ഷമാണ് ഇത്തരമൊരു തൊഴിലിലേക്ക് നയിച്ചതെന്ന് പ്രകാശ് പറയുന്നു. ഒഡിഷ സ്വദേശിനിയായ ഭാര്യ വിനീതയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ നയിക്കാൻ പ്രകാശ് കപ്യാരുടെ കുപ്പായമണിഞ്ഞപ്പോള്‍ അത് മറ്റുള്ളവര്‍ക്കും കൗതുകമായി. പള്ളി വികാരി എബ്രഹാം ചെറിയാനൊപ്പം പ്രകാശിന് പിന്തുണയുമായി ഇടവകാംഗങ്ങള്‍ എല്ലാവരുമുണ്ട്.