അല്‍ശിഫ ആശുപത്രിയിലെ ഐ.സി.യുവും തകര്‍ത്തു; 650 രോഗികള്‍ അപകടത്തില്‍
ഗസ്സ സിറ്റി: അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ രണ്ടാമതും ബോംബാക്രമണം നടത്തി. ഇത്തവണ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് (ഐ.സി.യു) ഇസ്രായേല്‍ തകര്‍ത്തത്.
ചികിത്സയിലുള്ള 650 രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഖൗത്ത് മുന്നറിയിപ്പ് നല്‍കി.
ഐ.സി.യുവിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹൃദ്രോഗ വാര്‍ഡ് വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. വടക്കൻ ഗസ്സയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ഇസ്രായേല്‍ സൈന്യം പൂര്‍ണമായും വളഞ്ഞിരിക്കുകയാണ്. ആര്‍ക്കും ആശുപത്രിയില്‍നിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. പുറത്തിറങ്ങുന്നവരെ ചുറ്റും നിലയുറപ്പിച്ച ഇസ്രായേല്‍ സൈന്യത്തിലെ ഷൂട്ടര്‍മാര്‍ വെടിവെച്ചിടുകയാണെന്നും വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിലാണ് ഹൃദ്രോഗ വാര്‍ഡ് കെട്ടിടം തകര്‍ന്നത്. ഹൃദ്രോഗ വിഭാഗം പൂര്‍ണമായി
നശിപ്പിച്ചുവെന്നും ഇരുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നുവെന്നും ഗസ്സ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അല്‍ റിഷ് വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.
’36 കുട്ടികളുള്‍പ്പെടെ 650 ഓളം രോഗികളുടെ ജീവൻ അപകടത്തിലാണ്, അവരുടെ ജീവൻ രക്ഷിക്കാൻ ഈജിപ്ത് ഇടപെടണം’ – ആശുപത്രി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഖൗത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഇസ്രായേല്‍ വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് അഭയാര്‍ഥികളായ 1,500 ഓളം ആളുകള്‍ രോഗികള്‍ക്ക് പുറമേ അല്‍-ശിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ കഴിയുന്നുണ്ട്. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാല്‍ എല്ലാവരുടെയും ജീവൻ ഭീഷണിയിലാണ്. ഇതിനുപുറമേയാണ് മാലിന്യപ്രശ്നം. മെഡിക്കല്‍ മാലിന്യം അടക്കം ഇവിടെ കുമിഞ്ഞുകൂടുകയാണ്’ – സഖൗത്ത് പറഞ്ഞു.
നേരത്തെ നടത്തിയ ആക്രമണത്തില്‍ വെന്‍റിലേറ്ററിലുണ്ടായിരുന്ന കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു. മാത്രമല്ല, ജനറേറ്ററുകള്‍ നിലച്ച് ഇൻകുബേറ്ററിലുള്ള 39നവജാതശിശുക്കള്‍ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറേറ്റര്‍ നിലച്ചതുകാരണം ഫ്രീസറില്‍നിന്ന് മാറ്റിയ മൃതദേഹങ്ങള്‍ ഖബറടക്കാനായി ആശുപത്രിയില്‍ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലിന്‍റെ ഷെല്ലിങ്ങിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്.
അല്‍ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഭയാനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ഞങ്ങള്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നവര്‍ പതിനായിരക്കണക്കിനാളുകള്‍ക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നു -ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ. അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിൻ ഗ്രിഫിത്ത് പറഞ്ഞു.