പക്ഷാഘാതം ബാധിച്ച മാതാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൻ റിമാൻഡില്‍
കൊട്ടാരക്കര: പക്ഷാഘാതം ബാധിച്ച മാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ അറസ്റ്റിലായി.
പവിത്രേശ്വരം ചെറുപൊയ്ക കോരായ്ക്കോട് സതീഷ് ഭവനത്തില്‍ പത്മിനിയമ്മ (61) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഈ കേസില്‍ മകൻ സതീഷി (37) നെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചുവന്ന് മാതാപിതാക്കളെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനായിരുന്നു സതീഷ്. ഗള്‍ഫിലായിരുന്ന ഇയാള്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് നാട്ടില്‍ വന്നത്. ഗള്‍ഫില്‍ നില്‍ക്കെ ഇയാള്‍ സമ്ബാദിച്ച സ്വര്‍ണവും പണവും അമ്മയെ ഏല്‍പ്പിച്ചിരുന്നു. ഇത് ഇയാള്‍ തിരികെ ചോദിച്ചു. നാട്ടില്‍ വന്നപ്പോള്‍ അമ്മയുടെ കൈവശം ഇത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സാമ്ബത്തിക പ്രയാസത്തിലായ സതീഷ് ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ ജനുവരിയില്‍ വിവാഹിതനായി. പത്മിനി അമ്മയും മരുമകളും തമ്മിലുള്ള തര്‍ക്കം മൂലം ഒരാഴ്ച മുമ്ബ് മരുമകള്‍ സതീഷുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സതീഷിന്‍റെ നിരന്തര ഉപദ്രവം മൂലം കഴിഞ്ഞ ഏഴിന് പിതാവ് ശശിധരൻപിള്ള നാടുവിട്ടുപോയിരുന്നു.
വെള്ളിയാഴ്ച രാത്രി മാതാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കട്ടിലില്‍ കിടക്കുകയായിരുന്ന പത്മിനിയമ്മയെ മദ്യലഹരിയിലായിരുന്ന പ്രതി ക്രൂരമായി മര്‍ദിച്ചു. കട്ടിലില്‍നിന്ന് പിടിച്ചു തറയിലിട്ട് തല തറയില്‍ ഇടിക്കുകയും വാരിയെല്ലിന് ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ പ്രതി കിടന്ന കട്ടിലിലെ ഷീറ്റിലും ധരിച്ചിരുന്ന ഷര്‍ട്ടിലും ശരീരത്തും ചെരിപ്പിലും രക്തക്കറ കണ്ടെത്തിയിരുന്നു.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്‍റെ നേതൃത്വത്തില്‍ പുത്തൂര്‍ സി.ഐ സുഭാഷ് കുമാര്‍, എസ്.ഐമാരായ ജയേഷ്, രമേശൻ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒമാരായ സജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.