വിവാദ നോട്ടീസ്: ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജഭക്തി കവിഞ്ഞൊഴുകിയ ഉദ്ഘാടന നോട്ടീസ് വിവാദമായതോടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.
‘തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ചടങ്ങില്‍ ഭദ്രദീപം കൊളുത്തും’ എന്നാണ് നോട്ടീസിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, നോട്ടീസിലെ പദപ്രയോഗങ്ങള്‍ വിവാദമായതോടെ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ക്ക് താത്‌പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് അവര്‍ അറിയിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ പുഷ്‌പാര്‍ച്ചന മാത്രമേ ഉണ്ടാവൂ. ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ചചെയ്യും.
ബോര്‍ഡിന്റെ സാംസ്കാരിക – പുരാവസ്തു വിഭാഗം മേധാവി ബി. മധുസൂദനൻ നായരാണ് നോട്ടീസ് തയ്യാറാക്കിയത്. നാടുവാഴിത്തത്തെ വാഴ്‌ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തില്‍ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നോട്ടീസ് പിൻവലിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു. ജാതിക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിതെന്നും എന്നിട്ടും ചിലതൊക്കെ അവശേഷിച്ചു കിടക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയാൻ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചത്. രണ്ട് അഭിനവ “തമ്ബുരാട്ടി”മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിൻ്റെ നീക്കം അപലനീയമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പ്രതികരിച്ചു. തിരുവിതാംകൂറിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നോട്ടീസ് തയാറാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. ‘നോട്ടീസില്‍ പ്രതിപാദിച്ച ആശയങ്ങളുമായി ദേവസ്വം ബോര്‍ഡിന് യോജിപ്പില്ല. ക്ഷേത്ര പ്രവേശനം ആരുടെയും ഔദാര്യമായിരുന്നില്ല. സമൂഹത്തിലെ എല്ലാ മേഖലയിലെയും ജനവിഭാഗങ്ങള്‍ ധീരമായി പോരാടി നേടിയെടുത്ത അവകാശമാണ്. എല്ലാ വിഭാഗം ജനങ്ങളും ആ സമരത്തില്‍ അണിനിരന്നിട്ടുണ്ട്.
അത്തരത്തില്‍ ധീരമായ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശം തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ നോട്ടീസ് ഇടയാക്കിയതിനാലാണ് പിൻവലിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചിത്തിര തിരുനാള്‍ രാജാവിന്റെ പ്രതിമ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിതമായത്. ദീര്‍ഘനാളായി മോശമായി കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമയും പരിസരവും. അത് നവീകരിച്ച് 87ാം വാര്‍ഷികത്തോടനുബന്ധിച്ച് നല്ലനിലയില്‍ നിലനിര്‍ത്തുക എന്നത് മാത്രമാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച നോട്ടീസിലെ ആശയങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായി’ -അനന്തഗോപന്‍ പറഞ്ഞു.