കാണാം സുന്ദരകാഴ്ചകള്‍; നുകരാം ചായയുടെ രുചി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സൗന്ദര്യം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അരിക്കൊമ്ബനെ പിടികൂടി ഈ പാതയിലൂടെ കൊണ്ടുപോയ ചിത്രങ്ങളും വിഡിയോകളും എങ്ങും പ്രചരിച്ചതോടെയാണ് ഈ പാതയുടെ മനോഹാരിത കണ്ടറിഞ്ഞ് ഇവിടേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

പ്രകൃതിഭംഗി കണ്‍കുളിര്‍ക്കെ ആസ്വദിച്ച്‌ സാവധാനത്തിലുള്ള യാത്ര ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. വഴിയോരത്തെ തേയില ഫാക്ടറിയില്‍നിന്നുള്ള ചൂടുചായ നുകരാനും മഞ്ഞണിഞ്ഞ തേയിലത്തോട്ടത്തിനു നടുവിലെ പാതയിലൂടെ സഞ്ചരിക്കാനും നിരവധി പേര്‍ എത്തുന്നു.

പച്ചപ്പട്ട് വിരിച്ചുനില്‍ക്കുന്ന തേയിലത്തോട്ടത്തിലൂടെയുള്ള യാത്ര ഏറെ മനോഹരമാണ്. തേയില ഫാക്ടറിയുടെ നാടായ പെരിയകനാല്‍ ജങ്ഷനിലെത്തിയാല്‍ വാഹനങ്ങള്‍ നിര്‍ത്തി ചായ രുചിക്കാതെ ആരും കടന്നുപോകാറില്ല. ഇതോടൊപ്പം പ്രദേശങ്ങളിലെ തേയില നിര്‍മാണ ഫാക്ടറിയില്‍നിന്നുള്ള ഗന്ധവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ദേശീയപാതയോരത്തിന്റെ മറ്റൊരു ഭാഗമായ ലോക്കാട് വ്യൂ പോയന്റിലും ഗ്യാപ്‌റോഡിലെ നിരവധി ഇടങ്ങളിലും ചായയുടെ വ്യത്യസ്തരുചികളും സഞ്ചാരികള്‍ തേടിയെത്താറുണ്ട്. കൊളുന്ത് നുള്ളുന്ന തൊഴിലാളികളും ദേശീയപാതയിലൂടെ ഇവ ട്രാക്ടറുകളില്‍ ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയും മറ്റൊരു പ്രത്യേകതയാണ്. മറയൂര്‍-മൂന്നാര്‍ റോഡില്‍ നിരവധി തേയില ഫാക്ടറികളാണുള്ളത്. പെരിയവരൈ, വാഗവര, കന്നിമല തുടങ്ങിയ ഫാക്ടറികള്‍ റോഡിന്റെ ഓരത്താണ്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയകനാലിലും പള്ളിവാസലിലും മൂന്നാര്‍ ടോപ് സ്റ്റേഷന്‍ റോഡില്‍ മാട്ടുപ്പെട്ടിയിലുമാണ് തേയില ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്നത്. പല ഫാക്ടറികളോടനുബന്ധിച്ചും തേയിലയുടെ ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുവേള അരിക്കൊമ്ബന്റെ വിഹാരകേന്ദ്രമായിരുന്നു പെരിയകനാല്‍.