ഇരച്ചാർത്ത്‌ എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ ഊർജം പോയി.

തിരുവനന്തപുരം: വടക്കുകിഴക്കൻ കാറ്റും മന്നാർ കടലിടുക്കും ചേർന്നാണ്‌ ഇരച്ചാർത്ത്‌ എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ കരുത്ത്‌ ചോർത്തി‌യതെന്ന്‌ നിഗമനം. സഞ്ചാരപഥവും സ്വഭാവവും അടിക്കടി മാറി കാലാവസ്ഥാ ശാസ്‌ത്രജ്ഞർക്കുപോലും ബുറേവി അത്‌ഭുതമായി‌‌.

 

ശ്രീലങ്കയിൽനിന്ന്‌ പാമ്പൻ വഴി തമിഴ്‌നാട്ടിലും തുടർന്ന്‌ കേരളത്തിലേക്കും എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം. എന്നാൽ, പാമ്പനിൽ എത്തിയ കാറ്റ്‌ ശക്തികുറഞ്ഞ്‌ മുന്നോട്ട്‌ നീങ്ങാതായി. മന്നാർ കടലിടുക്കിൽ താപനില കുറവായതാണ്‌ ഇതിന്‌ കാരണം‌. ബംഗാൾ ഉൾക്കടലിനേക്കാൾ രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ്‌ വരെ താഴ്‌ന്നതാണ്‌ മന്നാർ കടലിടുക്കിലെ താപനില. ഈ മേഖലയിൽ സമുദ്രജല പ്രവാഹങ്ങൾ ഇല്ലാത്തതാണ്‌ ഇതിന്‌ കാരണം. കൂടാതെ, നിലവിലുള്ള വടക്കുകിഴക്കൻ കാറ്റിന്റെ സാന്നിധ്യവും തീരങ്ങളുടെ ഘർഷണവും കാറ്റിന്റെസഞ്ചാരത്തെ ബാധിച്ചു.

 

 

 

നിവർ ചുഴലിക്കാറ്റിന്‌ തൊട്ടുപിന്നാലെയാണ്‌ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ബുറേവി രൂപപ്പെട്ടത്‌. കന്യാകുമാരി തീരത്തേക്ക്‌ നീങ്ങുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇത്‌ ശ്രീലങ്കൻ തീരത്തേക്ക്‌ നീങ്ങി. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വേഗത്തിൽ തമിഴ്‌നാട്‌ തീരം തൊടുമെന്നും നെയ്യാറ്റിൻകര വഴി കേരളത്തിലേക്ക്‌ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. വ്യാഴാഴ്‌ചയോടെ തീവ്ര ന്യൂനമർദമായി മാറിയതിനാൽ സഞ്ചാരപാത പൊന്മുടി–- വർക്കല വഴിയാകുമെന്നും അറിയിപ്പ്‌ കിട്ടി. ആശങ്കകൾക്ക്‌ വിരാമമിട്ട്‌ വെള്ളിയാഴ്‌ചയോടെ ബുറേവിയുടെ ശക്തി കുറയുകയായിരുന്നു.

 

എന്നാൽ, കാറ്റ്‌ അറബിക്കടലിലേക്ക്‌ നീങ്ങിയാൽ വീണ്ടും ശക്തി പ്രാപിച്ച്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ ‌ സോമാലിയൻ തീരത്തേക്ക്‌ എത്താൻ സാധ്യതയുണ്ട്‌.

 

ഭീതിയൊഴിയുന്നു; ജാഗ്രത തുടരും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ്‌ ശക്തി കുറഞ്ഞ്‌ അതിതീവ്ര ന്യൂനമർദമായി. കേരളത്തിൽ ചുഴലിക്കാറ്റ്‌ ഭീതിയൊഴിഞ്ഞെങ്കിലും അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരും‌‌. വെള്ളിയാഴ്‌ച അർധ രാത്രിക്കുശേഷം തെക്കൻ കേരളത്തിൽ 35 മുതൽ 45 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്‌. ഞായറാഴ്‌ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. കടലിൽ പോകുന്നതിനുള്ള വിലക്ക്‌ തുടരും.

 

ശനിയാഴ്‌ച ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്തമായ മഴ), തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്‌.

 

ഊർജം പോയി

ഊർജം നഷ്ടപ്പെട്ടതോടെയാണ്‌ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റ്‌‌ ഒരേ സ്ഥലത്ത്‌ തുടരുന്നതെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ. സമുദ്രോപരിതല ജലത്തിനുണ്ടാകുന്ന അസാധാരണ ചൂടും വായുവിലെ മർദവ്യത്യാസങ്ങളുമാണ് ചുഴലിക്കാറ്റാകുന്നത്‌. ഇതിനുവേണ്ട ഊർജം സമുദ്രോപരിതലത്തിലെ ചൂടുവഴിയും ഈർപ്പം വഴിയും‌ ലഭിക്കും‌.

 

കരയിൽ പ്രവേശിച്ചാൽ ശക്തി കൂടില്ല. മാന്നാർ കടലിടുക്കിലെത്തിയതോടെയാണ്‌ ബുറേവിയുടെ ശക്തി കുറഞ്ഞ്‌ അതിതീവ്ര ന്യൂനമർദമായത്‌‌. രാമനാഥപുരത്തിനു 40 കിലോ മീറ്റർ അകലെ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്‌ച പുലർച്ചയോടെ വീണ്ടും ശക്തികുറഞ്ഞ്‌ തീവ്ര ന്യൂനമർദമാകും.

 

തുടർന്നാകും‌ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ കരയിലേക്ക്‌ പ്രവേശിക്കുക. തമിഴ്‌നാട്ടിൽ വച്ചുതന്നെ വേഗത 40 കിലോ മീറ്ററിൽ താഴെയായി കുറയുമെന്നാണ്‌ കണക്കാക്കുന്നത്‌.

 

തമിഴ്‌നാട്ടിൽ 3 മരണം

ബുറേവിയുടെ ഭാഗമായി തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്‌. വീട്‌ തകർന്ന്‌ വീണ്‌ മൂന്നു പേർ മരിച്ചു. ചെന്നൈ നഗരത്തിൽ വെള്ളം കയറി. പുതുച്ചേരിയിലും ശക്തമായ മഴയുണ്ട്‌. 24 മണിക്കൂറിൽ 14 സെന്റീമീറ്റർ മഴ പുതുച്ചേരിയിൽ ലഭിച്ചു‌. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി.വൈദ്യുതിബന്ധവും തകരാറിലായിട്ടുണ്ട്‌.