കണ്ണീരോടെ പടിയിറങ്ങി ഏഴുവര്‍ഷത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഡേവിഡ് കാമറണ്‍

ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായി രാഷ്ട്രീയത്തില്‍ തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഡേവിഡ് കാമറണ്‍.ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം രാഷ്ട്രീയജീവിതത്തില്‍ സജീവമാകാൻ ഒരുങ്ങുന്നത്.

‘പ്രധാനമന്ത്രി ഋഷി സുനക് എന്നോട് വിദേശകാര്യ സെക്രട്ടറിയാകാൻ പറഞ്ഞു. ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു’-എന്നാണ് പുതിയ സ്ഥാനാരോഹണത്തെ കുറിച്ച്‌ കാമറണ്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് സുവല്ല ബേവര്‍മാനെ ഋഷി സുനക് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ മന്ത്രിസഭ പുനഃസംഘടനയിലാണ് കാമറണിന് നറുക്ക് വീണത്. ബ്രെക്സിറ്റ് ഹിതപരിശോധനക്ക് പിന്നാലെയായിരുന്നു കാമറണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ബ്രെക്സിറ്റിന് എതിരായിരുന്നു കാമറണ്‍. എന്നാല്‍ മറ്റു നിര്‍വാഹമില്ലാതെയാണ് അദ്ദേഹം ഹിതപരിശോധന നടത്തിയത്. ബ്രിട്ടൻ യൂറോപ്യൻ യൂനിയനില്‍ തുടരണം എന്നാഗ്രഹിച്ച കാമറണ്‍, ജനം ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതിയാല്‍ താൻ രാജിവെക്കുമെന്നും പ്രഖ്യാപിച്ചു. ഒടുവില്‍ ബ്രിട്ടീഷ് ജനത ബ്രെക്സിറ്റ് തെരഞ്ഞെടുത്തതോടെ കാമറണ്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. അന്ന് 48 ശതമാനം ആളുകള്‍ ബ്രെക്സിറ്റിനെ എതിര്‍ത്തപ്പോള്‍ 52 ശതമാനം ആളുകള്‍ ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതി.ബ്രെക്സിറ്റിന് അനുകൂലമായി ജനം വോട്ട് ചെയ്യില്ലെന്ന കാമറണിന്റെ കണക്കുകൂട്ടലാണ് തെറ്റിപ്പോയത്.

2010ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതായയോടെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. അങ്ങനെയാണ് ഡേവിഡ് കാമറണ്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

വ്യക്തിപരമായ ചില അഭിപ്രായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഋഷി സുനക് മികച്ച നേതാവാണെന്ന് ഡേവിഡ് കാമറണ്‍ പറഞ്ഞു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നതെന്നും കാമറണ്‍ ചൂണ്ടിക്കാട്ടി.

തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവരാണ് കാമറണിനു ശേഷം ബ്രിട്ടനെ നയിച്ചത്. ഇതില്‍ തെരേസയും ലിസും ബോറിസും കാലാവധി പൂര്‍ത്തിയാക്കിയില്ല. ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ നൂലാമാലങ്ങളില്‍ പെട്ടാണ് ഇവര്‍ക്ക് അടിപതറിയത്.

2001ലാണ് ഡേവിഡ് കാമറണ്‍ പാര്‍ലമെന്റ് അംഗമായത്. 2010 മുതല്‍ 2016 വരെ ആറുവര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുത്ത കാമറൂണ്‍ ഗ്രീൻസിലിന്റെ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേശകനായി മാറി. ഇപ്പോള്‍ പാപ്പരാണ് ആ കമ്ബനി.