വിത്തിട്ട് നൂറാംദിനം കൊയ്ത്ത്; ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി
കാഞ്ഞങ്ങാട്: വിത്തിട്ട് നൂറാംദിനം ബളാല്‍ ഭഗവതി ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇക്കുറി ബളാല്‍ ക്ഷേത്രപാടത്ത് നന്മയുടെ പൊൻകതിരില്‍ നൂറുമേനി വിളവ് ഉണ്ടായത്.
അത്യുല്‍പാദന ശേഷിയുള്ള ഉമ വിത്തായിരുന്നു വിതച്ചത്. ആറേക്കറോളം വരുന്ന പാടത്ത് മൂന്നു മാസം കൊണ്ടുതന്നെ ഇക്കുറി നെല്ല് വിളവെടുപ്പിന് പാകമായി. ഞാറ്റടി പറിച്ചു വയലില്‍ നടാൻ ആളെ കിട്ടാത്ത അവസ്ഥയില്‍ ഇക്കുറി നെല്‍വിത്ത് വിതക്കുകയായിരുന്നു. പാരമ്പര്യ നെല്‍കൃഷിക്ക് പതിറ്റാണ്ടുകളോളം പഴക്കവും പേരുംപെരുമയും ഉള്ള സ്ഥലമാണ് ബളാല്‍. മാലോം പട്ടേലര്‍ ദാനമായി നല്‍കിയതാണ് ബളാല്‍ പാടശേഖരം.
അന്യംനിന്നുപോകുന്ന നെല്‍കൃഷിക്ക് കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഇപ്പോഴും പിടികൊടുക്കാതിരിക്കുന്ന ബളാല്‍ ദേവസ്വം ഇത്തവണ തരിശ്ശായി കിടന്ന ഒന്നര ഏക്കറില്‍ കൂടി നെല്‍കൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നെല്‍ക്കറ്റ കൊയ് തെടുത്ത് കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. മുൻ ബളാല്‍ കൃഷി ഓഫിസര്‍ ഡോ. അനില്‍ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. സ്ഥിരംസമിതി അംഗം ടി.അബ്‌ദുല്‍ ഖാദര്‍, പഞ്ചായത്ത് അംഗങ്ങളായ എം. അജിത, പി. പത്മാവതി, സന്ധ്യ ശിവൻ, ജോസഫ് വര്‍ക്കി, ബളാല്‍ കൃഷി ഓഫിസര്‍ നിഖില്‍ നാരായണൻ, കൃഷി അസി. ഓഫിസര്‍ ശശീന്ദ്രൻ, ശ്രീഹരി വള്ളിയോടൻ, പാടശേഖര പ്രതിനിധികളായ ബാലകൃഷ്ണൻ പറമ്പത്ത്, സേതുരാജ് മാവില, തമ്പാൻനായര്‍ എന്നിവര്‍ സംസാരിച്ചു.