പിടിവള്ളിയായത് നീല കാര്‍; ഒഴിവായത് നാടിന്റെ ഭീതി
പയ്യന്നൂര്‍: ജനല്‍ ഗ്രില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം അകത്തു കടക്കുന്ന കവര്‍ച്ച രീതിയാണ് മോഷ്ടാക്കള്‍ പരിയാരത്ത് പരീക്ഷിച്ചത്.
മോഷ്ടാക്കള്‍ ഏതു വീടും ഈ രീതിയില്‍ തുറക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. പൊലീസ് സാഹസികമായി ഒരു പ്രതിയെ പിടികൂടിയതോടെ നാട് താത്കാലികമായെങ്കിലും ആശ്വസിക്കുകയാണ്.
പൊലീസിന് ലഭിച്ച ഏക തുമ്ബ് പരിയാരം പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയില്‍നിന്ന് ലഭിച്ച നീല നിറത്തിലുള്ള കാറിന്റെ ദൃശ്യമാണ്. എന്നാല്‍ കാറിന്റെ നമ്ബര്‍ വ്യാജമായിരുന്നു. തുടര്‍ന്ന് കാറിനെ ദൃശ്യത്തിലൂടെ പിന്തുടരുകയായിരുന്നു പൊലീസ്. നിരവധി കാമറകളാണ് സംഘം പരിശോധിച്ചത്. വാഹനം പോയ വഴികളിലൂടെ യാത്ര ചെയ്താണ് കവര്‍ച്ചക്കു പിന്നില്‍ തമിഴ് സംഘമാണെന്ന് കണ്ടെത്തിയത്. കോയമ്ബത്തൂര്‍, നാമക്കല്‍ പ്രദേശങ്ങളില്‍ മുഴുവൻ കവര്‍ച്ചക്കാരെ തേടി വല വിരിച്ചു.
നാമക്കലിലാണ് സഞ്ജീവ് കുമാറിനെ കണ്ടെത്തുന്നത്. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ പൊലീസ് വാഹനം കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനത്തില്‍ പൊലീസ് ഏറെ ദൂരം ഇയാളെ
പിന്തുടര്‍ന്നു. പിടികൂടുമെന്നായപ്പോള്‍ സഞ്ജീവ്കുമാര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന് ഓടി കീഴ്പ്പെടുത്തുകയായിരുന്നു ‘പരിയാരം സ്ക്വാഡ് ‘.
പയ്യന്നൂര്‍ ഡിവൈ.എസ്.പി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഓപറേഷനില്‍ പങ്കെടുത്തത്. കുപ്രസിദ്ധ ക്രിമിനല്‍ സൊള്ളൻ സുരേഷിന്റെ നേതൃത്വത്തിലുള്ള കവര്‍ച്ച സംഘമാണ് മോഷണം നടത്തിയത്. കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ സൊള്ളൻ സുരേഷാണ് വിവിധ ഭാഗങ്ങളിലെ കവര്‍ച്ച കേസിലെ പ്രതികളെ ഏകോപിപ്പിച്ച് സംഘമുണ്ടാക്കിയത്.
വൈഫെ മോഡം ഉപയോഗിച്ച് സമൂഹ മാധ്യമത്തിലൂടെ മാത്രമാണ് ഇവര്‍ പരസ്പരം ആശയ വിനിമയം നടത്തുന്നത്. കവര്‍ച്ചക്ക് മുൻപും ശേഷവും കാമറയുടെ പിടിയിലാവാതിരിക്കാനും ശ്രദ്ധിച്ചു.
തമിഴ്നാട്ടില്‍ നിന്ന് വാഹനം മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി കേരള നമ്പര്‍ ഘടിപ്പിച്ചാണ് മോഷണത്തിനെത്തുന്നത്.
പ്രതിയെ ബുധനാഴ്ച കവര്‍ച്ച നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. കവര്‍ച്ച നടത്തിയ വീടിന് സമീപത്ത് നിന്ന് കവര്‍ച്ചക്കു ശേഷം ഉപേക്ഷിച്ച ഇരുമ്പ് കമ്പിയും കണ്ടെടുത്തു. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.