‘സിലിഡ്രോകോളിയ ദേവേന്ദ്രിയ’ പുതിയ അപുഷ്പിത സസ്യം

തൃക്കരിപ്പൂര്‍: ഇടയിലക്കാട് നിത്യഹരിത വനത്തില്‍നിന്ന് ഒരു അപുഷ്പിതസസ്യത്തെ പുതുതായി കണ്ടെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരടങ്ങിയ സംഘമാണ് സസ്യത്തെ തിരിച്ചറിഞ്ഞത്.

ലിവര്‍വോര്‍ട്ട് ഇനത്തില്‍പെട്ട സസ്യത്തിന് സിലിഡ്രോകോളിയ ദേവേന്ദ്രിയ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

സൈലോഫില്ലേസിയ കുടുംബത്തിലെ ഇലകള്‍ പോലുള്ള വളര്‍ച്ചയുള്ളവയാണ് ഈ സൂക്ഷ്മ ബ്രയോഫൈറ്റ്. കാവുകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച്‌ പഠിക്കുന്ന പി.പി. നിഷിത, ഗവേഷണ മാര്‍ഗദര്‍ശി ഡോ. മഞ്ജു എന്നിവര്‍ 1994 മുതല്‍ അപുഷ്പിത സസ്യവര്‍ഗീകരണത്തില്‍ സംഭാവനകള്‍ നല്‍കിവരുന്ന സീക്ക് പ്രവര്‍ത്തകൻ ഡോ.കെ.പി. രാജേഷ്, വിനീഷ, മുഫീദ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജേണല്‍ ഓഫ് ബ്രയോളജിയില്‍ എഴുതിയ ലേഖനം ഈ കണ്ടെത്തല്‍ വിവരിക്കുന്നു.

കേരളത്തിലെ തീരദേശക്കാവുകളില്‍ വിസ്തൃതിയേറിയ പ്രധാനപ്പെട്ട കാവുകളിലൊന്നാണ് ഇടയിലെക്കാട്. കവ്വായിക്കായലിെന്റ മധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാവില്‍ ഇരുന്നൂറോളം ഇനത്തില്‍പ്പെട്ട സസ്യങ്ങളുണ്ട്. നാട്ടുകാരുടെയും ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിെന്റയും നേതൃത്വത്തില്‍ പ്രകൃതി നിരീക്ഷണങ്ങളിലൂടെയും

ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ഈ കാവിെന്റ ജൈവവൈവിധ്യം തിരിച്ചറിയാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.

കമ്മാടം കാവില്‍ കണ്ടെത്തിയ ഫിസിഡൻസ് കമ്മാടൻസിസ് അടക്കം ഇതിനകം നൂറോളം സ്പിഷീസുകള്‍ മഞ്ജുവിന്‍റെയും രാജേഷിന്‍റെയും നേതൃത്വത്തില്‍ കാവുകളില്‍ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിയപ്പെട്ടു. തീരദേശ ലോലാന്റ് കാവുകളായ ഇടയിലെക്കാട്, കോഴിക്കോട് പൊയില്‍കാവ് എന്നിവിടങ്ങളില്‍ നിന്നാണ് മരത്തടിയില്‍ വളരുന്ന പുതിയ സിലിഡ്രോകോളിയ കണ്ടെത്തിയത്. ഗ്രാമീണ വനങ്ങളായ കാവുകളുടെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാകുന്നു ഈ പുതിയ കണ്ടെത്തല്‍.