സൈക്കോ കില്ലറായി മാറി ‘കൊലയാളി തിമിംഗലങ്ങള്‍’

കൊലയാളി തിമിംഗലമെന്നറിയപ്പെടുന്ന ജലജീവിയായ ഓര്‍ക്കകളുടെ സ്വഭാവത്തില്‍ ഭയാനകമായ മാറ്റങ്ങള്‍ കണ്ടെത്തിയതായി പഠനങ്ങള്‍.

സൈക്കോ കില്ലര്‍മാരെപ്പോലുള്ള പെരുമാറ്റങ്ങളാണ് ഇവയില്‍ കണ്ടെത്തിയിരിക്കുന്നത്. തിമിംഗലമെന്ന് വിളിക്കുന്നുണ്ടെങ്കിലും ഡോള്‍ഫിൻ കുടുംബത്തില്‍പെട്ടവയാണ് ഓര്‍ക്കകള്‍.

ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലങ്ങളെയും സ്രാവുകളെയും വേട്ടയാടുന്നത് ഇവരുടെ ഹരമാണ്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ സാധാരണ കൊലയല്ല നടത്തുന്നത്. കരള്‍ തുരന്നെടുത്തും നാവ് പിഴുതെടുത്തും ജലോപരിതലത്തിലെത്തിച്ച്‌ ശ്വാസം മുട്ടിച്ചുമാണ് കൊലപാതകങ്ങള്‍ ചെയ്യുന്നത്.

മത്സ്യബന്ധനബോട്ടുകളെ മറിച്ചിടുകയും ആഴത്തില്‍ വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. കടല്‍പ്പന്നികളെയും സാല്‍മണുകളെയും പന്തുതട്ടുന്നതുപോലെ വലിച്ചെറിയുന്നു. ഓര്‍ക്കകള്‍ കൂടുതല്‍ ബുദ്ധിമാന്മാരായി മാറുന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ ഈ നിഗമനം തെറ്റാണെന്ന് ഓര്‍ക്കകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രജ്ഞൻ ജോഷ് മക്കിന്നസ് പറഞ്ഞു. പരിസ്ഥിതി മാറുന്നതനുസരിച്ച്‌ ചില പുതുമകള്‍ പ്രദര്‍ശിപ്പിക്കുന്നതാകാം. കടലില്‍ മനുഷ്യസാന്നിധ്യം വര്‍ധിച്ചതും കാലാവസ്ഥ വ്യതിയാനം രൂക്ഷമാവുന്നതനുസരിച്ച്‌ നിലനില്‍പ്പിനായി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതുമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്റാര്‍ട്ടിക്കയിലെ ഓര്‍ക്കകള്‍ സാധാരണ വൈഡല്‍ സീലുകളെ പിടിച്ചുതിന്നുന്നവയാണ്. എന്നാല്‍ ഐസ് ഉരുകുമ്ബോള്‍ പുള്ളിപ്പുലി സീലുകളെ പിടിച്ചുതിന്നാനുള്ള കഴിവും നേടിയിട്ടുണ്ട്. 2019 മാര്‍ച്ചിലാണ് തെക്കുപടിഞ്ഞാറൻ ആസ്ട്രേലിയയുടെ തീരത്ത് ഓര്‍ക്കകളുടെ തിമിംഗലവേട്ട ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 12ഓളം ഓര്‍ക്കകള്‍ തിമിംഗലത്തിന്റെ വശങ്ങള്‍ കാര്‍ന്നുതിന്നുകയായിരുന്നു.

കഴിഞ്ഞ മാസം പൈലറ്റ് തിമംഗലങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. കൂടാതെ സ്രാവുകളെ കീറിമുറിച്ച്‌ കരള്‍ പുറത്തെടുക്കുകയാണ് ഓര്‍ക്കകള്‍. ഈ തന്ത്രങ്ങള്‍ പുതിയ തലമുറകള്‍ക്ക് മുതിര്‍ന്ന ഓര്‍ക്കകള്‍ കൈമാറുന്നുണ്ടെന്നാണ് ഒറിഗോണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ മറൈൻ ഇക്കോളജിസ്റ്റ്, റോബര്‍ട്ട് പിറ്റ്മാൻ പറയുന്നത്.