ചരിത്ര നഗരിയില്‍ രക്തസാക്ഷ്യത്തിന്റെ ശില്‍പഭാഷ്യം
പയ്യന്നൂര്‍: അധിനിവേശത്തിനെതിരായ പോരാട്ടത്തിന് രക്തത്തിന്റെ നിറം കൊടുത്ത വാഗണ്‍ ട്രാജഡിക്ക് ഇന്ന് 103 വയസ്സ്.
ബ്രിട്ടീഷുകാര്‍ വെറുമൊരു ട്രെയിൻ വണ്ടി ദുരന്തമായി ചിത്രീകരിക്കുകയും വര്‍ത്തമാനകാലത്ത് സംഘ്പരിവാര്‍ അനുകൂല ചരിത്ര നിര്‍മിതിയില്‍ അത് സാധൂകരിക്കുകയും ചെയ്യുമ്ബോള്‍ ചരിത്ര നഗരമായ പയ്യന്നൂരില്‍ ആ ദാരുണ സംഭവത്തിനൊരു ശില്‍പഭാഷ്യം.
സ്വാതന്ത്ര്യ സമരത്തിലെ പ്രഥമ രക്തസാക്ഷിയുടെ നാടും ദേശീയ പ്രസ്ഥാനത്തിന് വലിയ ഊര്‍ജം പകര്‍ന്ന മണ്ണുമായ പയ്യന്നൂരിലാണ് പോരാട്ടപാതയിലെ കറുത്ത അധ്യായത്തിന്റെ ഗരിമ ചോരാത്ത ശില്‍പം ദേശസ്നേഹികളെ ആകര്‍ഷിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ പ്രധാന വേദിക്കരികിലാണ് ശില്‍പമുള്ളത്.
തീവണ്ടിയില്‍ പിടഞ്ഞു വീണ മനുഷ്യരുടെ ശരീരങ്ങള്‍ വണ്ടിക്കകത്തും പ്ലാറ്റ്ഫോമിലും വീണു കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒപ്പം തോക്കേന്തി നില്‍ക്കുന്ന ബ്രിട്ടിഷ് പൊലീസിനെയും കാണാം. വണ്ടിയെയും മനുഷ്യരെയും ഏറെ റിയാലിറ്റിയോടെ തന്നെ ശില്‍പത്തില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
പ്രശസ്ത കലാകാരനും ശില്‍പിയുമായ ശ്രീനിവാസൻ ചിത്രാഞ്ജലിയാണ് ശില്‍പത്തിന്റെ നിര്‍മാണ നിര്‍വഹണം. മെറ്റല്‍ ഫ്രെയിമില്‍ തികഞ്ഞ ഒറിജിനാലിറ്റിയോടെയാണ് വാഗണ്‍ നിര്‍മിച്ചത്. പഴയ ചരക്ക് വണ്ടിയുടെ ഫ്രെയിം ഏറെ ശ്രദ്ധയോടെ രൂപകല്‍പന ചെയ്തിട്ടുണ്ട്.
മനുഷ്യ രൂപങ്ങള്‍ ഫൈബര്‍ ഗ്ലാസില്‍ പൂര്‍ത്തിയാക്കി. ഒരു മാസത്തോളമെടുത്താണ് ദുരന്തശില്‍പം പൂര്‍ത്തിയാക്കിയത്.സുജിത് മലപ്പുറം, ശ്യാം എറണാകുളം, ജിതിൻ പാടിയോട്ടുചാല്‍, പ്രണവ് കാരന്താട്, ഷിനു പാടിയോട്ടുചാല്‍, സന്തോഷ് ചെറുപുഴ തുടങ്ങിയവര്‍ സഹായികളായതായി ശ്രീനിവാസൻ പറഞ്ഞു.
തെയ്യം, നവോഥാന നായകര്‍ തുടങ്ങി നിരവധി ശില്‍പങ്ങളും ചരിത്രചിത്രങ്ങള്‍ ആലേഖനം ചെയ്ത മതിലുകളാലും സമ്ബന്നമാണ് ഇന്ന് നവകേരള സദസ്സിനെ വരവേല്‍ക്കുന്ന പയ്യന്നൂര്‍. ജവഹര്‍ലാല്‍ നെഹറുവിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളന വേദിയാണ് പൊലീസ് മൈതാനം. ഈ ചരിത്ര മൈതാനമാണ് സദസ്സിന് വേദിയാവുന്നത് എന്ന പ്രത്യേകതയുമുണ്ട്.