ജില്ലാ കലക്ടറുമായി സംവദിച്ച് കുട്ടികൾ ;ബാലാവകാശ വാരാഘോഷം സമാപിച്ചു
ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ ഉൾകൊള്ളാനും കുട്ടികൾ തയ്യാറാകണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷ സമാപന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ‘ഔര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളിലെ തെരഞ്ഞെടുത്ത കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികളുടെ യാത്രാ പ്രശ്നങ്ങൾ, അതിക്രങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷ തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്തു. നീന്തൽ പരിശീലനം, സൈക്കിളിംഗ്, സ്വയംരക്ഷാ പരിശീലനം തുടങ്ങിവ വിദ്യാലയങ്ങളിൽ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജെ.ജെ.ബി മെമ്പർമാരായ ഷാജേഷ് ഭാസ്കർ, കെ.എം തനൂജ ബീഗം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത അറ്റശ്ശേരി, ഡോ.പി.എം അനിൽ, അഡ്വ. രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.