ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ഗസ്സ: ഇസ്രായേല്‍ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.

ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്. വെടിനിര്‍ത്തലിലേക്ക് അടുക്കുകയാണെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇസ്രായേലോ ഹമാസോ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

അതേസമയം, എന്തൊക്കെ ധാരണകള്‍ പ്രകാരമാണ് വെടിനിര്‍ത്തലെന്ന കാര്യം വ്യക്തമല്ല. വെടിനിര്‍ത്തലിന് ഇസ്രായേല്‍ പച്ചക്കൊടി കാട്ടിയതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനല്‍കുമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരമായി, ഇസ്രായേല്‍ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.

ബന്ദികളുടെ മോചനത്തിന് പ്രഥമപരിഗണന നല്‍കാത്തതില്‍ ഇസ്രായേലിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും കഴിഞ്ഞദിവസം നടന്നു. ഇതിനു പിന്നാലെയാണ് ഖത്തര്‍ അടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.

ബന്ദികളുടെ മോചനത്തിന് രാജ്യത്ത് സമ്മര്‍ദം ശക്തിപ്രാപിക്കുന്നതിനിടെ ഇസ്രായേല്‍ യുദ്ധ മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച്‌ വലിയ ഭിന്നതയാണുള്ളത്. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവനും എടുക്കുന്നത് വാര്‍ത്തയാകുമ്ബോഴാണ് ഏതുനിലപാടെടുക്കുമെന്ന വിഷയത്തിലെ ഭിന്നത.

പ്രതിരോധ മന്ത്രി യൊആവ് ഗാലന്റും മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്സും കൂട്ടരുമാകട്ടെ, ബന്ദികളെ രക്ഷിക്കാൻ എന്തു വിലയും കൊടുക്കണമെന്ന പക്ഷത്തും. നേരത്തെ കടുത്ത നിലപാടുമായി വെടിനിര്‍ത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി നെതന്യാഹു ഏതുപക്ഷത്തിനൊപ്പമാണെന്ന് വ്യക്തമല്ലെന്ന് ഇസ്രായേല്‍ പത്രം ‘ഹാരറ്റ്സ്’ റിപ്പോര്‍ട്ട് പറയുന്നു.