മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം സമരം

മേലാറ്റൂര്‍: മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് പിടിച്ചതുമായി ബന്ധപ്പെട്ട വിഷയം ചോദിക്കാൻ സ്റ്റേഷനിലെത്തിയ മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനോടും വാര്‍ഡംഗത്തിനോടും എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി.

തുടര്‍ന്ന്, കുത്തിരിയിപ്പ് സമരവും നടത്തിയ 25ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. മുഹമ്മദ് ഇഖ്ബാല്‍, വാര്‍ഡംഗം വി.ഇ. ശശിധരൻ, സി.പി.എം എല്‍.സി സെക്രട്ടറി കെ.കെ. സിദ്ദീഖ്, ഏരിയ കമ്മിറ്റി അംഗം വി.കെ. റഊഫ്, അസൂത്രണ സമിതി അംഗം പി. രാമചന്ദ്രൻ എന്നിവരടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാവിലെ ഒമ്ബതിന് മേലാറ്റൂര്‍ അങ്ങാടിക്കു സമീപം മണ്ണ് ഖനനം നടത്തിയത് പാസില്‍ രേഖപ്പെടുത്താതെ കടത്തുന്നതിനിടെയാണ് ടിപ്പര്‍ പിടിച്ചെടുത്തതെന്ന് എസ്.ഐ കെ.ആര്‍. ജസ്റ്റിൻ പറഞ്ഞു. എന്നാല്‍, ഉച്ചയോടെ പ്രസിഡന്‍റിനോട് എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച്‌ മുദ്രാവാക്യവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുകയായിരുന്നു. ന്യായവിരുദ്ധമായി സംഘം ചേര്‍ന്നു മുദ്രാവാക്യം വിളിച്ച്‌ പ്രകടനം നടത്തിയതിനും മേലാറ്റൂര്‍ പൊലീസ് കോമ്ബൗണ്ടിലേക്ക് കടന്ന് പോര്‍ച്ചില്‍ സമരം നടത്തി പൊലീസിനു മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മണ്ണെടുത്തത് പഞ്ചായത്ത് സെക്രട്ടറിയുടെ നിയമാനുസരണമുള്ള അനുമതിയോടെയാണെന്നും വാഹനം പിടിച്ചെടുത്തത് ചോദിക്കാൻ ചെന്ന തങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ഇഖ്ബാല്‍ പറഞ്ഞു. നിയമപരമായി മണ്ണെടുത്ത വാഹനം പിടിച്ചെടുത്തത് ചോദിക്കാൻ ഹെഡ് ക്ലര്‍ക്കും താനും സ്റ്റേഷനില്‍ ചെന്നെങ്കിലും എസ്.ഐ അപമര്യാദയായി പെരുമാറുകയും തങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിഷേധ സമരം നടത്തുകയായിരുന്നെന്നും പ്രസിഡന്‍റ് പറഞ്ഞു.