നാടാകെ പുഴുശല്യം പൊറുതിമുട്ടി ജനം
വടുതല: അരൂക്കുറ്റി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകതരം പുഴുക്കളുടെ ശല്യം വ്യാപകമാകുന്നു. ചുവപ്പും കറുപ്പും നിറത്തോടുകൂടിയ ചെറിയ പുഴു ദേഹത്ത് തൊട്ടാല്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്.
ചെടികളിലും പുല്ലുകളിലും ഉള്ള ഇവ വെയില് പരക്കുന്നതോടെ പുറത്തേക്ക് വ്യാപകമായി പടരുന്നു. വീടുകളിലെ അകത്തളങ്ങളിലും അടുക്കളയില്‍പോലും കയറിക്കൂടുന്ന ഇതിന്റെ ശല്യംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പച്ചക്കറി കൃഷിക്ക് വലിയ നഷ്ടമാണ് ഇവ വരുത്തിവെക്കുന്നത്.
പച്ചക്കറിയുടെ ഇലകള്‍ ഇവ കൂട്ടമായി തിന്നു തീര്‍ക്കുന്നു. വീടിന്റെ പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങളില്‍ കയറിയിരിക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പാടത്തെയും പറമ്ബിലെയും പുല്ലുകളിലാണ് ഇവകള്‍ വസിക്കുന്നത്. ചെടികളുടെയും പുല്ലുകളുടെയും ഇലകളാണ് ഇവ തിന്നുന്നത്. മിര്‍സാദ് റോഡിലും ടാഗോര്‍ റോഡിലും പുഴു വ്യാപകമാവുകയാണ്. ഇവ ദിവസം ചെല്ലുംതോറും പെരുകുകയാണ്.
മുൻ വര്‍ഷങ്ങളിലും ഇതേയിനം പുഴുക്കളുടെ ശല്യം ഉണ്ടായിട്ടുണ്ട്. അന്ന് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മരുന്ന് തളിച്ചാണ് അവയുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിച്ചത്. ഈ വര്‍ഷം മരുന്ന് തളിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. പുഴുക്കളെ തുരത്താൻ നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.