അരനൂറ്റാണ്ടിന്‍റെ പാല്‍ചങ്ങാത്തം
കൊട്ടിയം: പശുക്കളുമായി ചങ്ങാത്തമില്ലാത്തൊരു കാലം അഞ്ച് പതിറ്റാണ്ടിനിടെ ഗിരിദീപത്തില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല.
ശുദ്ധമായ പാല്‍ നല്‍കി കൊട്ടിയം നിവാസികളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരി വിടര്‍ത്താൻ ചൂരല്‍ പൊയ്ക ഗിരിദീപത്തില്‍ ഗിരീഷ് തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. പത്താം വയസ്സില്‍ തുടങ്ങിയ ക്ഷീരപരിപാലനം അറുപതും പിന്നിട്ട് തുടരുകയാണ്.
സ്വദേശി, വിദേശി ഇനങ്ങളില്‍പ്പെട്ട ഇരുപതോളം പശുക്കളുണ്ട് ഇവിടുത്തെ ഫാമില്‍. അവയെ പരിപാലിക്കുന്നതും കറക്കുന്നതുമൊക്കെ ഗിരീഷാണ്. പുലര്‍ച്ചെ കൊട്ടിയത്തും പരിസരത്തുമുള്ള വീടുകളിലും ക്ഷീര സംഘത്തിലുമായി പാല്‍ എത്തിക്കും. പശുക്കളെ കുളിപ്പിച്ച് അകിട് തുടച്ച് കറന്നെടുക്കുന്ന പാല്‍ അധികം വൈകാതെ വീടുകളില്‍ എത്തിക്കുന്നതാണ് ജനവിശ്വാസം ആര്‍ജിക്കാൻ ഇടയാക്കിയത്.
ജേഴ്സി, എച്ച്.എഫ്, ഗിര്‍ ഇനങ്ങളില്‍പ്പെട്ട പശുക്കളും നാടൻ പശുക്കളുമാണ് ഇവിടെയുള്ളത്. കുട്ടിക്കാലത്ത് പിതാവ് വളര്‍ത്തിയിരുന്ന പശുക്കളെ പരിപാലിച്ചായിരുന്നു തുടക്കം. പശുക്കള്‍ക്ക് എന്തെങ്കിലും അസ്വാഭാവികതയുണ്ടായാല്‍
തിരിച്ചറിയാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. അരലിറ്റര്‍ വീതം കവറിലാക്കിയാണ് വില്‍പന. മികച്ച ക്ഷീരകര്‍ഷകനുള്ള പഞ്ചായത്തിന്‍റെ ആദരവും കേന്ദ്ര സര്‍ക്കാറിന്‍റെ ഉപഹാരവും ലഭിച്ചിട്ടുണ്ട്.