കേരളം തീ തിന്ന 20 മണിക്കൂറുകള്‍; ഒടുവില്‍ ആശ്വാസ വാര്‍ത്ത
കൊല്ലം: ഇന്നലെ രാത്രി മനസ്സമാധാനത്തോടെ ഒരു മലയാളി പോലും ഉറങ്ങാൻ കിടന്നിട്ടുണ്ടാകില്ല. കൊല്ലം ഓയൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് ആറുവയസ്സുകാരിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയറിഞ്ഞതു മുതല്‍ ഉള്ളില്‍ തീയായിരുന്നു എല്ലാവരുടെയും.
ആശങ്കകളുടെ 20 മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍, കുഞ്ഞിനെ തിരികെ കിട്ടിയെന്ന വിവരം ലഭിക്കുമ്ബോള്‍ വലിയൊരു ഹൃദയഭാരം ഇറക്കിവെച്ച ആശ്വാസത്തിലാണ് ഓരോ കേരളീയനും.
അബിഗേല്‍ സാറ റെജിയുടെ വീട്ടില്‍ ആനന്ദക്കണ്ണീരിന്‍റെ നിമിഷങ്ങളായിരുന്നു കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞതോടെ. നെഞ്ചില്‍ തീയെരിച്ചുനിന്ന അമ്മ സിജി പൊട്ടിക്കരയുകയായിരുന്നു. തന്‍റെ കൈപിടിച്ചു നടന്ന കുഞ്ഞുപെങ്ങളെ കണ്‍മുന്നില്‍ നിന്ന് തട്ടിയെടുത്തതിന്‍റെ ഞെട്ടലിലാണ് ഒമ്ബതുവയസുകാരനായ ജൊനാഥൻ. അനിയത്തി ഏതാനും സമയത്തിനകം തന്‍റെയടുത്തെത്തുമെന്നത് കേട്ടതോടെ ജൊനാഥനും ഏറെ സന്തോഷം. ഒരു നാടാകെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലായി. അബിഗേല്‍ വീട്ടിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.
ഇന്നലെ വൈകീട്ട് അബിഗേല്‍ ജൊനാഥനൊപ്പം സ്കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ ഇരുവരെയും ബലമായി പിടിച്ച് കാറില്‍ കയറ്റി. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്‍റെ വാതില്‍ അടക്കുന്നതിനിടെ ജൊനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു.
കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയവര്‍ കൊല്ലത്തുതന്നെയുണ്ടെന്ന വിവരം ലഭിച്ചത് അന്വേഷണത്തിന് സഹായകമാകും.