കാഷ്യു ഫാക്ടറിയില്‍ സമരം ചെയ്ത തൊഴിലാളികളെ അറസ്റ്റ് ചെയ്തു

കായംകുളം: കല്ലുമൂട് കാഷ്യു ഫാക്ടറിയില്‍ എട്ട് ദിവസമായി നടക്കുന്ന സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.മാനേജ്മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടര്‍ന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച പത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

12 കോടിയോളം രൂപയുടെ കശുവണ്ടി പരിപ്പ് ഫാക്ടറിക്കുള്ളില്‍ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ പരിപ്പ് ഇവിടെ നിന്നും മാറ്റുന്നതിന് ഫാക്ടറി മാനേജ്മെൻറ് പൊലീസ് സഹായം തേടിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്. വേതനം വര്‍ധിപ്പിക്കുക, ഇ.എസ്.ഐ, പി. എഫ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ അടക്കം ഉയര്‍ത്തിയാണ് തൊഴിലാളികള്‍ കാഷ്യൂ ഫാക്ടറിക്ക് മുന്നില്‍ രാപ്പകല്‍ ഉപരോധ സമരം നടത്തുന്നത്. തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും മറ്റുള്ള തൊഴിലാളികള്‍ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ട്രേഡ് യൂനിയൻ നേതാക്കള്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതും പരാജയപ്പെട്ടു.