വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1.21 കോടിയുടെ കള്ളക്കടത്ത് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1.21 കോടിയുടെ കള്ളക്കടത്ത് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ഒൻപതു കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വർണവും 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തത്.

 

 

ദുബായിൽനിന്ന് വന്ന ഐ.എക്സ്. 1346 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ നാലു യാത്രക്കാരിൽനിന്നാണ് 810 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതിൽ 471 ഗ്രാം സ്വർണം കാസർകോട് സ്വദേശി ജഷീറി(30)ൽ നിന്നാണ് കണ്ടെടുത്തത്. മിശ്രിതരൂപത്തിൽ ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. ഇതേ യാത്രക്കാരന്റെ ബാഗിൽനിന്ന് മൂന്നു കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തു.

 

ദുബായിൽനിന്ന് വന്ന എസ്.ജി 146 സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ മൂന്നു യാത്രക്കാരിൽനിന്നാണ് 885 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതിൽ 585 ഗ്രാം സ്വർണം കാസർകോട് സ്വദേശി സദ്ദാൻ മുഹമ്മദി(23)ൽ നിന്നാണ് കണ്ടെത്തിയത്. മിശ്രിതരൂപത്തിൽ ക്യാപ്സ്യൂൾ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുെവച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. ജിദ്ദയിൽനിന്ന് വന്ന സ്പൈസ് ജെറ്റ് 9711 വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവതിയിൽനിന്നാണ് 500 ഗ്രാം സ്വർണം കണ്ടെടുത്തത്. ടേബിൾലാമ്പിന്റെ അടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. എഫ്.സെഡ്. 4313 ഫ്ലൈ ദുബായ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽനിന്നാണ് 5.5 കിലോ കുങ്കുമപ്പൂവ് പിടിച്ചെടുത്തത്. ഇതേ യാത്രക്കാരനിൽനിന്ന് 89 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

 

ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.എം. ജോസ്, എസ്. ആശ, ഇ.ജി. ഗണപതി പോറ്റി, സത്യമെന്ദ്ര സിങ്, ഇൻസ്പെക്ടർമാരായ സുധീർ കുമാർ, യാസിർ അറാഫത്ത്, നരേഷ്, വി.സി. മിനിമോൾ, രാമേന്ദ്രസിങ്, യോഗേഷ്, എന്നിവരടങ്ങുന്ന സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.