സ്കൂള്‍ ബസില്‍ തീപിടുത്തം; അത്യാഹിതം ഒഴിവാക്കി അഗ്നിരക്ഷ സേന

നേമം: സ്വകാര്യ സ്‌കൂളിലെ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ വന്‍ അത്യാഹിതം ഒഴിവാക്കി.

മുടവന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ബസിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ വിദ്യാര്‍ഥികളെ ഇറക്കിയശേഷം തിരികെ എത്തി പാര്‍ക്ക് ചെയ്തപ്പോഴാണ് സംഭവം.

സ്ഥലപരിമിതി മൂലം ബസ് സാധാരണ പാര്‍ക്ക് ചെയ്യുന്നത് ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്ബനിയുടെ താഴത്തെ നിലയിലെ പോര്‍ച്ചിലാണ്.പതിവുപോലെ പാര്‍ക്ക് ചെയ്ത് ഒരു മണിക്കൂറിനകമാണ് വാഹനത്തില്‍ നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ബോണറ്റിന്റെ ഭാഗത്ത് ശക്തമായി വെള്ളം ചീറ്റിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ പൂര്‍ണ്ണമായി കെടുത്തിയത്.

തിരുവനന്തപുരം ഫയര്‍‌സ്റ്റേഷന്‍ ഓഫിസില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍ ഷാഫിയുടെ നേതൃത്വത്തിലാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്. എട്ടുവര്‍ഷം പഴക്കമുള്ള ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് പിന്നീട് ഡ്രൈവറുടെ സഹായത്തോടെ സ്ഥലത്തു നിന്നു നീക്കം ചെയ്തു.

കാരയ്ക്കാമണ്ഡപത്ത് സ്‌പെയര്‍ പാര്‍ട്സ് ഷോപ്പില്‍ അഗ്നിബാധ; സമീപത്തെ സ്കൂട്ടര്‍ വര്‍ക്‌ഷോപ്പിലെ അഞ്ച് ബൈക്കുകള്‍ കത്തി നശിച്ചു

നേമം: കാരയ്ക്കാമണ്ഡപത്തിനു സമീപം പാപ്പനംകോട് തുലവിളയിലെ ശാസ്താ ഓട്ടോ സ്‌പെയര്‍ പാര്‍ട്സ് ഷോപ്പില്‍ അഗ്നിബാധ. തിരുവനന്തപുരത്തു നിന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരെത്തി തീ കെടുത്തി.

സ്‌പെയര്‍ പാര്‍ട്സ് കടയിലുണ്ടായ തീ കെടുത്താനുള്ള അഗ്നിരക്ഷസേനയുടെ ശ്രമം

ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. മണികണ്ഠന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കടയ്ക്ക് സമീപത്തെ സ്കൂട്ടര്‍ വര്‍ക്‌ഷോപ്പിലെ അഞ്ചു ബൈക്കുകള്‍ തീ പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. സമീപത്തെ ഗ്യാസ് ഏജന്‍സിയിലേക്ക് തീ പടരാത്തത് വന്‍ അത്യാഹിതം ഒഴിവാക്കി. ഇവിടെ നിറച്ച ഏഴു സിലിന്‍ഡര്‍ ഉള്‍പ്പെടെ 20 എണ്ണം ഉണ്ടായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.