കണ്ണൂര്‍ സര്‍വകലാശാല യൂനിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു: ഫാഷിസ്റ്റുകളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയില്‍ -ഉദയനിധി സ്റ്റാലിൻ
കണ്ണൂര്‍: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിലുണ്ടാകുമെന്ന് തമിഴ്നാട് കായിക യുവജന ക്ഷേമ മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ.
തങ്ങള്‍ക്ക് അനഭിമതരായ സംസ്ഥാനങ്ങളെ കേന്ദ്ര ഭരണകൂടം ഗവര്‍ണര്‍മാരെയും ഇ.ഡി ഉള്‍പ്പെടെയുള്ള ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും അതാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ്സ് യൂനിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനം താവക്കര കാമ്ബസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയനിധി.
ഫെഡറല്‍ തത്ത്വ ലംഘനമാണ് കേന്ദ്രം നടത്തുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന് മുൻഗണനയുള്ള തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ തന്ത്രം വിലപ്പോകില്ല. രാഷ്ട്രീയമായി ഒരേപോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പിക്ക് സീറ്റൊന്നും നല്‍കില്ല. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരികമായും ഭാഷാപരമായും കേരളവും തമിഴ്നാടും ഏറെ സാമ്യങ്ങളുണ്ട്. താൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയപ്പോള്‍ ബി.ജെ.പി അതിനെ ദേശീയതലത്തില്‍ വിവാദമാക്കി. ആ സമയത്ത് തനിക്ക് ഫാഷിസ്റ്റുകളില്‍നിന്ന് ഭീഷണിയുണ്ടായപ്പോള്‍ ഏറെ പിന്തുണ നല്‍കിയ സംസ്ഥാനമാണ് കേരളം. തമിഴ്നാടും കേരളവും തമ്മില്‍ ഏറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ബന്ധങ്ങളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന തന്റെ മുത്തച്ഛൻ കലൈഞ്ജര്‍ കേരളത്തിലെ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, സി. അച്യുതമേനോൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാടുമായി നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദയനിധി സ്റ്റാലിന് സര്‍വകലാശാല യൂനിയൻ ഭാരവാഹികളും വിദ്യാര്‍ഥികളും ആവേശകരമായ സ്വീകരണം നല്‍കി. കണ്ണൂര്‍ യൂനിവേഴ്സിറ്റി യൂനിയൻ ചെയര്‍പേഴ്സൻ ടി.പി. അഖില അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എല്‍.എ, വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലര്‍ എ. സാബു, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എഴുത്തുകാരൻ അശോകൻ ചരുവില്‍, സിൻഡിക്കേറ്റ് അംഗങ്ങളായ സുകന്യ നാരായണൻ, ഡോ. പ്രമോദ് വെള്ളച്ചാല്‍, രജിസ്ട്രാര്‍ ജോബി കെ. ജോസ്, ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. റഫീഖ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.എസ്. സഞ്ജീവ് സ്വാഗതവും ജോ. കണ്‍വീനര്‍ സി.വി. വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.
ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് നേരെ മര്‍ദനം
കണ്ണൂര്‍: ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്ന കണ്ണൂര്‍ യൂനിവേസിറ്റി ആസ്ഥാനത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ജില്ല സെക്രട്ടറി സഫ്‌വാൻ, യൂനിവേഴ്സിറ്റി കാമ്ബസ് ഭാരവാഹി ഷഹബാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തലയിലും മുഖത്തും പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
“നമ്മുടെ കാമ്ബസുകള്‍ രാഷ്ട്രീയമോ അരാഷ്ട്രീയമോ” എന്ന സെഷനില്‍ ഫ്രറ്റേണിറ്റി നേതാക്കളെ പങ്കെടുപ്പിക്കാതിരുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വൈകീട്ട് ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ജില്ല ആക്ടിങ് പ്രസിഡന്റ് കെ.പി. മഷൂദ് ആരോപിച്ചു.