ഓണ്‍ലൈൻ വഴി വ്യാപാര സ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയ ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍
പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഓണ്‍ലൈൻ വഴി 35 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ കൂടി പിടിയിലായി.നിഹാല്‍കുമാര്‍ (20), സഹില്‍കുമാര്‍ (19) എന്നിവരാണ് പിടിയിലായത്.
ജനുവരിയിലാണ് പാലായിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് ഇവര്‍ ഓണ്‍ലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തത്. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്‌ആപ് മുഖച്ചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്‌ആപ് മുഖാന്തരം മാനേജറുടെ ഫോണിലേക്ക് താൻ കോണ്‍ഫറൻസില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയക്കണമെന്നും തിരികെ വിളിക്കരുതെന്ന സന്ദേശവും അയക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു.
തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കുകയും പാലാ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇതരസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ഉത്തര്‍പ്രദേശിലെ ഔറാദത്ത്, സന്ത്കബിര്‍നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം ബിഹാറില്‍ നടത്തിയ തിരച്ചിലിലാണ് പട്നയില്‍നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണ്‍, രാമപുരം എസ്.ഐ മനോജ്, സി.പി.ഒമാരായ സന്തോഷ്, ജോഷിമാത്യു, ജിനു ആര്‍. നാഥ്, രാഹുല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.