കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട് കുഞ്ഞാമന്‍റെ വിടപറയല്‍…
എം.കുഞ്ഞാമൻ എന്ന സാമ്ബത്തിക ശാസ്ത്രജ്ഞൻ വിടപറഞ്ഞത് കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട്. വിടപറയും നേരത്ത് വായിച്ചതാകട്ടെ സി.കെ ജാനുവിന്റെ ആത്മകഥയായ അടിമമക്കയാണ്.
അതിന് റിവ്യൂ തയാറാക്കവേയാണ് അദ്ദേഹം യാത്രയായത്. പുരോഗമന കേരളത്തിന്റെ യാഥാസ്ഥിതികതയെയാണ് അദ്ദേഹം ആത്മകഥയിലൂടെയും സാമ്ബത്തിക പഠനത്തിലൂടെയും ചോദ്യം ചെയ്തിരുന്നത്.
കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ച് 1980 കളുടെ ഒടുവില്‍ തന്നെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള വികസനത്തെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. അട്ടപ്പാടിയും കീഴാള പഠന മേഖലയും അദ്ദേഹത്തിന്റെ പഠന വിഷയങ്ങളായി.
(മാധ്യമം ഓണ്‍ലൈനില്‍ 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ച പുസ്തക റിവ്യൂ)
ഗാന്ധിയന്മാര്‍, കമ്മ്യൂണിസ്റ്റ് നേതാക്കള്‍, അക്കാദമിക് പണ്ഡിതര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ ആത്മാനുഭവങ്ങളാല്‍ സമ്ബന്നമാണ് മലയാളനാട്. അതില്‍ പലതിലും ദേശത്തിന്‍റെ സാമൂഹിക രാഷ്ട്രീയ ചരിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതിലെല്ലാം മൂടിവെച്ച മറ്റൊരു കേരളമുണ്ട്. സാമ്ബത്തിക ശാസ്ത്രജ്ഞനായ ഡോ. എം. കുഞ്ഞാമൻെറ ‘എതിര്’ പുരോഗമന കേരളത്തിൻെറ സാമൂഹിക അക്കാദമിക ജീവതത്തിലെ സവര്‍ണ മുഖംമൂടി അഴിക്കുകയാണ്. അത് ‘ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥത്തിലൂടെ പി.കെ ബാലകൃഷ്ണൻ പറഞ്ഞുവെച്ച ജാതികേരളത്തിൻെറ തുടര്‍ച്ചയാണ്. ബാലകൃഷണൻ വിവരിച്ചത് ഭൂതകാല ചരിത്രമായിരുന്നെങ്കില്‍ കുഞ്ഞാമന്‍റേത് വര്‍ത്തമാനകാല അനുഭവമാണ്.
1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ കുഞ്ഞന് വയസ് എട്ട്. ഇം.എം.എസിനെ നിയമസഭയിലേക്ക് അയച്ച പട്ടാമ്ബി മണ്ഡലത്തിലെ വാടാനകുറിശിയിലെ സ്കൂളില്‍ നിന്നാണ് ഓര്‍മ്മ ആരംഭിക്കുന്നത്. അതില്‍ തെളിയുന്നത് ലക്ഷ്മി ഏട്ടത്തിയുടെ ഉപ്പുമാവാണ്. അത് തന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ക്ലാസില്‍ ഇരിക്കാൻ കഴിയുമായിരുന്നില്ല. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭരണം ലഭിച്ചിട്ടും അവര്‍ അധ:സ്ഥിതരോട് നീതി കാട്ടിയില്ലെന്നാണ് അനുഭവം. പാടത്തും ചാളയിലും അത് വിധേയത്വത്തോടെ അടങ്ങിയൊതുങ്ങി കഴിഞ്ഞ അച്ഛൻ. നിവര്‍ന്നു നില്‍ക്കാൻ കഴിയുന്ന സമയം ഏറെ തുച്ഛമായിരുന്ന ശരീരമായിരുന്നു അച്ഛൻറേത്. കുടുംബാംഗങ്ങളാകട്ടെ ചോരയും നീരും വറ്റിപ്പോയ ഉണക്ക ശരീരങ്ങള്‍. കാരണമൊന്നുമില്ലാതെ അപമാനം ഏറ്റുവാങ്ങിയവര്‍. വലിയവരുടെ എച്ചിലെടുത്ത് വശപ്പടക്കിയ കുടുംബം. തമ്ബ്രാന്മാര്‍ നടത്തിയ ആക്രമങ്ങള്‍ക്കുമുന്നില്‍ നിസഹായാരായി നിന്ന് പണിയെടുത്ത ജനത. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസില്‍ നാട്ടില്‍ ഒരു നായര്‍ തമ്ബുരാൻ കമ്മ്യൂണിസത്തെ കുറിച്ച് വിശദീകരിച്ചു. അടിച്ചവനെ തിരിച്ചടിക്കുകയാണ് കമ്മ്യൂണിസം എന്നും അയാള്‍ പറഞ്ഞു. എന്നാല്‍ അപ്പേഴും ദലിതര്‍ തമ്ബുരാക്കന്മാരുടെ തല്ലുകൊണ്ടിരുന്നു.
14 വയസുള്ളപ്പോള്‍ ജൻമി ഗൃഹത്തില്‍ പട്ടിക്കൊപ്പം കഞ്ഞികുടിച്ചത് പൊള്ളുന്ന അനുഭവമാണ്. ‘ മണ്ണില്‍ കുഴിച്ച് കഞ്ഞിയൊഴിച്ചു തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാര്‍. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആര്‍ത്തിയില്‍ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്ബോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടുപട്ടികളുടെ കഞ്ഞിക്ക് വേണ്ടിയുള്ള മത്സരമായിരുന്നു. പട്ടിയുടെ കടിയേറ്റ് മുറിവില്‍ നിന്ന് ചോര വന്നപ്പോള്‍ ദേഷ്യമല്ല തോന്നിയത്. എൻെറ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.’- ഇത്തരമൊരു അനുഭവം മലയാളത്തിലെ ആത്മകഥകളിലുണ്ടാവില്ല.
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠികളുടെ വീട്ടിലെ സദ്യകളില്‍ എച്ചിലിനായി മല്‍സരിച്ചു. അത് ആര്‍ത്തിയോടെ കഴിച്ചു. സ്കൂളില്‍ അച്ഛൻ ഒപ്പിട്ടു വാങ്ങിയ ലംസം ഗ്രാൻഡ് 40 രൂപ കൈക്കലാക്കിയത് ജന്മിയുടെ മകനായ മാഷാണ്. അച്ഛൻെറ കൈയില്‍ വച്ചാല്‍ അതുകൊണ്ട് അടുത്തകൊല്ലം മകന് കോളജിലേക്ക് പോകാനാവില്ലെന്നായിരുന്നു ഉപദേശം. ആ തുക തമ്ബ്രാനായ മാഷ് ഒരിക്കലും മടക്കി നല്‍കിയില്ല. 1967 കോളജില്‍ ചേരുമ്ബോള്‍ 37 പൈസയായിരുന്നു മുതല്‍മുടക്ക്. എം.എക്ക് ഒന്നാം റാങ്ക് കിട്ടിയിട്ടും ഒരു ചായപോലും കിട്ടിയില്ലെന്ന് തിരിച്ചറിഞ്ഞ് സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കാൻ തുടങ്ങിയ അവസ്ഥ.
കേരളം കണ്ട പുരോഗമന വിഗ്രഹങ്ങള്‍ ഉടക്കുന്നുവെന്നതാണ് കുഞ്ഞാമൻെറ അനുഭവക്കുറുപ്പിൻെറ ചരിത്ര പ്രാധാന്യം. ഇ.എം.എസ്, സി. അച്യുതമേനോൻ, കെ.ആര്‍.നാരായണൻ, ഡോ കെ.എൻ.രാജ്, സുകുമാര്‍ അഴീക്കോട്, എ. കെ. ആൻറണി, തോമസ് ഐസക്ക് തുടങ്ങിയവരൊക്കെ ദലിത് വിരുദ്ധ മനോഭാവത്തിന് ഉടമകളാകുന്നതെങ്ങനെയെന്ന് അനുഭവത്തിലൂടെ വരച്ചിടുകയാണ് ഈ പുസ്തകം.
ഒന്നാം റാങ്ക് നേടിയിതിനുശേഷമുള്ള ജീവിതവും ക്ലേശകരമായിരുന്നു. ഒടുവില്‍ സി.ഡി.എസില്‍ ഗവേഷണ വിദ്യാര്‍ഥിയായി. അപ്പോഴാണ് കേരള സര്‍വകലാശാല അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. 32 അപേക്ഷകരില്‍ ഒന്നാംറാങ്ക് ലഭിച്ചുവെങ്കിലും നിയമനം കിട്ടിയില്ല. തസ്തിക പൊതുഒഴിവായിരുന്നുവെന്ന് വി.സിയുടെ മറുപടി നല്‍കി. പട്ടികജാതിക്കാരന് അപേക്ഷിക്കാൻ പാടില്ലായിരുന്നു. മെറിറ്റ് അടിസ്ഥാനത്തിലാണ് ഒന്നാംറാങ്ക് നല്‍കിയത്. ചരിത്രത്തിലെ വിരോധാഭാസങ്ങളില്‍ ഒന്നാണിത്. അക്കാലത്ത് കേരള സര്‍വകലാശാലയില്‍ മാടമ്ബി ഭരണത്തിലായിരുന്നു. അതിന്‍റെ ഇരയായിരുന്നു കുഞ്ഞാമൻ.
ഇടതുപക്ഷത്തിന് സ്വതന്ത്ര ബുദ്ധിയുള്ളവരോട് ശത്രുത
വിദ്യാര്‍ത്ഥി പ്രവേശനവും അധ്യാപന നിയമവും മുതല്‍ സര്‍വ്വകലാശാലയില്‍ ജാതി ഇടപെടല്‍ തുടങ്ങുന്നു. സിൻഡിക്കേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് തെരഞ്ഞെടുക്കുന്നത്. അവര്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖലയില്‍ താല്പര്യമുള്ളവരല്ല. അവര്‍ക്ക് നിയമനങ്ങളിലും കെട്ടിടനിര്‍മ്മാണത്തിലുമാണ് താല്‍പ്പര്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സര്‍വകലാശാലയില്‍ രാഷ്ട്രീയം പരിശീലിച്ചിരുന്ന അധ്യാപകര്‍ ജാതി നോക്കിയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഒരുതരത്തിലുള്ള ഭിന്ന അഭിപ്രായങ്ങളും മുന്നോട്ടുവെക്കരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. ഗവേഷണ വിദ്യാര്‍ഥി ദളിതൻ ആണെന്നറിഞ്ഞാല്‍ പല അധ്യാപകരും സമ്മതപത്രം നല്‍കില്ല. സ്വതന്ത്ര ബുദ്ധിയുള്ള വ്യക്തികളോട് എന്നും ശത്രുതാ മനോഭാവമാണ് ഇടതുപക്ഷത്തിനെന്നും അദ്ദേഹം പറയുന്നു.
ഭൂപരിഷ്കരണം ചരിത്രപരമായ ഒരു വഞ്ചനയായിരുന്നുവെന്ന് വിശദീകരിക്കുന്നത് ആഴത്തിലുള്ള പഠനത്തിലൂടെയാണ്. ഭൂപരിഷ്കരണത്തെ ശേഷവും എന്‍റെറെ അച്ഛനെ പോലെ ഒരാളുടെ ജീവിതം പഴയതുപോലെ തുടര്‍ന്നു. മേലാളന്മാര്‍ക്ക് വിധേയപ്പെട്ട ജീവിതം. തമ്ബ്രാന്മാരുടെ അടിമകളായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വന്നത് സവര്‍ണ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കേ നേതൃത്വത്തിലേക്ക് വരാൻ കഴിയുമായിരുന്നു. അന്നും ഇന്നും അത് തുടരുകയാണ്. ഭൂരഹിതരായ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭിക്കാതെ ഭൂപരിഷ്കരണം നടപ്പാക്കി. ഭൂപരിഷ്കരണത്തെ കുറിച്ച് അംബേദ്കര്‍ പരിപ്രേക്ഷ്യം മേലാളര്‍ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇതിനേക്കാള്‍ വിപ്ലവകരമാണ്. ഇടതുപക്ഷം ഒരു വര്‍ഗപക്ഷമല്ല. അതൊരു അറേഞ്ച്മെൻറ് ആണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അധികാരം പങ്കിടാനുള്ള സംവിധാനം മാത്രം.
ഇ.എം.എസിന്‍റെ സ്ഥാനം പരിഭാഷകന്‍റേത് മാത്രം
ഇ.എം.എസ് അവതരിപ്പിച്ചത് അദ്ദേഹത്തിന്‍റെ മൗലിക ചിന്തകളല്ല. ഇ.എം.എസിന് ചരിത്രത്തില്‍ നല്‍കാൻ കഴിയുന്നത് ഒരു പരിഭാഷകന്‍റെ സ്ഥാനമാണ്. വളരെ പ്രാഥമികമായ തലത്തില്‍ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തിയാള്‍. മാര്‍ക്സിസത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ടെസ്റ്റുകള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് മാര്‍ക്സ് പറഞ്ഞ ചില കാര്യങ്ങള്‍ ഇ.എം.എസ് അവതരിപ്പിച്ചു. മാര്‍ക്സിസത്തെ ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങും വിധം വ്യാഖ്യാനിക്കാൻ ഇ.എം.എസിന് കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ വിഗ്രഭജ്ഞനമാണ്. ‘ഇ.എം.എസ് കേരളം മലയാളികളുടെ മാതൃഭൂമി വരെ’ ചരിത്രാന്വേഷണം നടത്തിയപ്പോഴും കേരളസമൂഹത്തിൻെറ ജാതിവ്യസ്ഥിതിയുടെ വേരുകള്‍ കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടവെന്ന ബാലകൃഷണൻെറ ചിന്തക്ക് സമാനമാണിത്.
ദലിതര്‍ക്ക് വേണ്ടി രാഷ്ട്രീയ സാമ്ബത്തിക വികസന നയങ്ങള്‍ തീരുമാനിക്കാൻ പണ്ഡിതരും നല്ലവരായ തമ്ബുരാക്കന്മാരെയാണ് കേരളം തെരഞ്ഞെടുക്കുന്നത്. വലിയ കാര്യങ്ങള്‍ വലിയവര്‍ക്ക് വിട്ടുകൊടുത്തു. അവര്‍ പാവങ്ങളെ കൈയൊഴിഞ്ഞു. നല്ലവരായ യജമാനന്മാര്‍ എല്ലാം തീരുമാനിച്ചു. അടിമയുടെ മുതുകില്‍ ഏല്‍ക്കുന്ന ചാട്ടവാറിൻെറ എണ്ണം അവര്‍ കുറച്ചു. അട്ടപ്പാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദിവാസികള്‍ക്ക് എതിരാണ്. ആദിവാസികളുടെ സാമൂഹിക മാറ്റത്തിന് പരിപാടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവിടെയില്ല. അട്ടപ്പാടിയിലെ മധു കൊലചെയ്യപ്പെട്ടപ്പോള്‍, കുട്ടി മരണങ്ങള്‍ അരങ്ങേറുമ്ബോള്‍ കാരണം തേടി നെട്ടോട്ടമോടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ആസൂത്രണ വിദഗ്ധര്‍ക്കും ബുദ്ധിജീവികള്‍ക്കുമുള്ള മറുപടിയാണ് കുഞ്ഞാമൻെറ എതിര്. ധിക്കാരികളെയും വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നവരെയുമാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം പുസ്തകത്തിലുടനീളം അവര്‍ത്തിക്കുന്നു. അത് പുസ്തകത്തിൻെ ആത്മാവാണ്. പുസ്തകത്തിൻെറ ആമുഖമെഴുതിയ കെ.വേണുവിന് കുഞ്ഞാമൻെറ അനുഭവക്കുറുപ്പുകളെ അഴത്തില്‍ ഉള്‍ക്കൊള്ളനായില്ല. അത് കുമാരനാശൻെറ നളിനി കാവ്യത്തിന് എ.ആര്‍. രാജരാജവര്‍മ്മയെഴുതിയ അവതാരികക്ക് സമാനമായി. കെ. കണ്ണനാണ് പുസ്തകം തയാറാക്കിയത്.