നീതി തേടി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍

കൂറ്റനാട്: പൊലീസ് നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍.

പെരുമ്ബിലാവ് മുളങ്ങത്ത് ഹഫ്സ (38) ആണ് ചാലിശ്ശേരി സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സമരം തുടങ്ങിയത്. മൂന്ന് കുട്ടികളുടെ മാതാവായ ഹഫ്സ ഭര്‍ത്താവ് യൂസഫുമായി പിണക്കിത്തിലാണ്. പള്ളങ്ങാട്ട് ചിറ കേന്ദ്രീകരിച്ച്‌ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടന്ന ഒരു ഏക്കര്‍ 33 സെന്‍റ് സ്ഥലത്ത് അഞ്ച് വര്‍ഷം മുമ്ബ് ഹഫ്സയും ഭര്‍ത്താവും കൂടി മാസം 1000 രൂപ വാടകയിനത്തില്‍ പാട്ടത്തിനെടുത്ത് ഫാം തുടങ്ങി. പശു, ആട്, കോഴി, പാല്‍, സൂപ്പര്‍ മാര്‍ക്കറ്റ്, മീന്‍ വളര്‍ത്തല്‍ എന്നിവ ആരംഭിക്കുകയും ചെയ്തു. ഹഫ്സയും കുടുംബവും ഇവിടെ താമസമാക്കിവരുന്നതിനിടെ ഭര്‍ത്താവുമായി പിണങ്ങി. തുടര്‍ന്ന് ഉടമ ഇവരോട് സ്ഥലം ഒഴിവാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടങ്കിലും 2025 ഡിസംബര്‍വരെ സമയപരിധിയുണ്ടെന്ന വാദത്തില്‍ ഹഫ്സ അവിടെതന്നെ താമസമാക്കി.

ഉടമ സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചതോടെ കിടപ്പാടമില്ലാത്ത അവസ്ഥയായി. ഇതോടെ ഹഫ്സ പൊലീസില്‍ പരാതി കൊടുത്തെങ്കിലും ഉടമക്കെതിരെ നടപടി എടുത്തില്ല. ഭര്‍ത്താവും കെട്ടിട ഉടമയും തന്‍റെ മക്കളെ മര്‍ദിച്ചതിലും പൊലീസ് നടപടി എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, നേരത്തേ കുട്ടികളെ മര്‍ദിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയില്‍ ഹഫ്സയുടെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, വ്യാജമായുണ്ടാക്കിയ കരാറും മറ്റും ഉപയോഗിച്ചാണ് തന്റെ ഭൂമി കൈവശപ്പെടുത്തിയതെന്ന് ഉടമ പറയുന്നു. കൂടാതെ വാടക കുടിശ്ശികയും നിലനില്‍ക്കുന്നു. മക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തതായും നിയമപരമായ നടപടി സ്വീകരിച്ചതായും ചാലിശ്ശേരി പൊലീസ് അറിയിച്ചു.

കോടതി ഉത്തരവില്ലാതെ പുറത്താക്കില്ലെന്നും അതുവരെ നിലവിലെ ഫാം സ്ഥലത്ത് താമസിക്കാനുള്ള ഉറപ്പ് പൊലീസ് നല്‍കിയതോടെ വൈകീട്ട് ഏഴരയോടെ സമരം അവസാനിപ്പിച്ചതായി ഹഫ്സ പറഞ്ഞു