തലശ്ശേരിയില്‍ വീട്ടില്‍ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു

തലശ്ശേരി: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്.

വീട്ടിലെ ബെഡ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നാലരലക്ഷം രൂപയാണ് മോഷ്ടിച്ചത്. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷണം. രണ്ടുനില വീട്ടിന്റെ പിൻഭാഗത്തെ കിണറിന്റെ ആള്‍മറയിലൂടെയാണ് മോഷ്ടാവ് അകത്തു കയറിയത്. മാഹി പൂഴിത്തലയില്‍ പെയിന്റ് ആൻഡ് പെയിന്റ്സ് സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് നവാസ്.

വ്യാപാരിയായ നവാസ് കടയിലേക്കും തലശ്ശേരി എം.ഇ.എസ് സ്കൂള്‍ ജീവനക്കാരിയായ മസ്നയും ഇവരുടെ മൂന്ന് കുട്ടികളും സ്കൂളിലേക്കും വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. വൈകീട്ട് കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്. മുറിയുടെയും മറ്റും ഭാഗങ്ങളില്‍ മണ്ണെണ ഒഴിച്ച നിലയിലാണ്. ബെഡ് റൂമിന്റെ വാതില്‍ ലോക്കും പണം സൂക്ഷിച് ഷെല്‍ഫ് ലോക്കും തകര്‍ത്ത നിലയിലാണ്.

ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ഒന്നും നഷ്ടമായില്ല. പണം മാത്രമാണ് മോഷ്ടാക്കള്‍ അപഹരിച്ചതെന്ന് നവാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. നവാസിന്റെ പരാതിയില്‍ തലശ്ശേരി എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തെ സി.സി.ടി.വി പ്രവര്‍ത്തിക്കാത്തതിനാല്‍ പൊലീസിന് മോഷണം സംബന്ധിച്ച്‌ വലിയ തുമ്ബൊന്നും ലഭിച്ചില്ല. പൊലീസ് നായ് മണം പിടിച്ച്‌ ഏതാനും വാര അകലെ ഓടി നിന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. ഇതര സംസ്ഥാനക്കാരാവാം കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു.