നെടുങ്കണ്ടത്ത് പറന്നെത്തി പറക്കുംതവള

നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തവള പറന്നെത്തിയത്.

പച്ചത്തവള, പച്ചിലപ്പാറാൻ, ഇളിത്തേമ്ബൻ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പറക്കുംതവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. പൊതുവെ പകല്‍ ഉറങ്ങുകയും രാത്രി ഇരതേടുകയുമാണ് ഇവയുടെ രീതി.

മഴക്കാടുകളിലെ മരങ്ങളില്‍നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവക്കുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേര്‍ത്ത പാടയും വിരലുകള്‍ക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. 15 മീറ്റര്‍ ദൂരം വരെ ഇവര്‍ വായുവിലൂടി തെന്നി മാറും. ശരീരത്തിലെ പാട വിടര്‍ത്തുകയും കൈകാലുകള്‍ നീട്ടിയുമാണ് ഇത് സാധ്യമാകുന്നത്. അപൂര്‍വ ഇനം തവളയെ കാണാൻ നിരവധിയാളുകള്‍ രാധാകൃഷ്ണന്റെ വീട്ടില്‍ എത്തുന്നുണ്ട്.