’39 വയസിലാണ് അതേക്കുറിച്ച്‌ ചിന്തിച്ചത്; എല്ലാവരും പറയുന്നത് കേട്ട് ജീവിച്ചു; ഇനി വയ്യെന്ന് തീരുമാനിച്ചു’

തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സ്വര്‍ണമല്യ. നടി, അവതാരക, നര്‍ത്തകി തുടങ്ങി പല മേഖലകളില്‍ സ്വര്‍ണമല്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

‌ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷം 2000 ല്‍ മണിരത്നത്തിന്റെ അലൈപായുതേ എന്ന ചിത്രത്തിലൂടെ സ്വര്‍ണമല്യ അഭിനയ രംഗത്തേക്ക് കടന്ന് വന്നു. മൊഴി, എങ്കള്‍ അണ്ണ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷമാണ് സ്വര്‍ണമല്യക്ക് ലഭിച്ചത്. എന്നാല്‍ സിനിമാ രംഗത്ത് സ്വര്‍ണമല്യ സജീവമായില്ല. 2014 ന് ശേഷം ഒരു സിനിമയിലും ഇവര്‍ അഭിനയിച്ചിട്ടില്ല.

ഇപ്പോഴിതാ താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് സ്വര്‍ണമല്യ. ചെറുപ്പ കാലത്ത് ഇത് കാരണം വന്ന വന്ന അപകര്‍ഷകതയെക്കുറിച്ചും നടി സംസാരിച്ചു. ദിവസം രണ്ട് തവണ ജിമ്മില്‍ പോയ സാഹചര്യങ്ങളുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഞാൻ വണ്ണമുണ്ണയാളാണ് എന്ന ചിന്ത എന്നിലുണ്ടാക്കി. മെലിഞ്ഞിരുന്നപ്പോള്‍ പോലും നീ തടിച്ചിട്ടാണെന്ന് പറഞ്ഞു. 39 വയസായപ്പോള്‍ ഒരു ദിവസം എണീറ്റ് ചിന്തിച്ചു.

39 വര്‍ഷമായി ഈ ലോകത്തിന് വേണ്ടി ജീവിച്ചു. അവരും ഇവരും പറയുന്നതെല്ലാം ശ്രദ്ധിച്ചു. എല്ലാം വിട്ടുകളയാൻ തീരുമാനിച്ചു. എങ്ങനെയായിരിക്കണമെന്ന് എന്റെ ശരീരം തീരുമാനിക്കട്ടെ. അതിന് ശേഷമാണ് ഹീലിംഗ് നടന്നത്. കാരണം അതുവരെയും എന്റെ ശരീരവുമായി ഞാൻ യുദ്ധത്തിലായിരുന്നു.

എന്റെ പഴയ ഫോട്ടോകള്‍ എടുത്ത് നോക്കുമ്ബോള്‍ ഞാൻ വളരെ മെലിഞ്ഞിട്ടാണ്. എന്നാല്‍ അപ്പോള്‍ പോലും എനിക്ക് കുറ്റപ്പെടുത്തലുകളാണ് കേട്ടത്. ഇന്ന് ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ നല്ല ഭംഗിയുണ്ട് എന്ന് താൻ പറയുമെന്നും സ്വര്‍ണമല്യ വ്യക്തമാക്കി. നാടകത്തിനായി ഒരാഴ്ച കൊണ്ട് മൂന്ന് കിലോ കുറയ്ക്കാൻ ഒരു സ്ത്രീ എന്നോട് പറഞ്ഞു.

വണ്ണമുണ്ടെന്ന് പറയുമ്ബോള്‍ വളരെ വേദന തോന്നും. നമ്മുടെ കഴിവുകളെക്കുറിച്ചുള്ള ചിന്ത മനസില്‍ നിന്ന് പോകും. മൂന്ന് കിലോ ഒരാഴ്ച കൊണ്ട് എങ്ങനെയാണ് കുറയ്ക്കാൻ കഴിയുക. എന്തൊക്കെയോ ചെയ്ത് ഒന്നരക്കിലോ മാത്രമേ കുറയ്ക്കാൻ പറ്റിയുള്ളൂ. അത് പോലും അനാരോഗ്യകരമാണെന്നും സ്വര്‍ണമല്യ ചൂണ്ടിക്കാട്ടി. ‌

ഇന്നാണെങ്കില്‍ ആ സ്ത്രീയോട് ആന്റീ, നിങ്ങളാദ്യം വണ്ണം കുറയ്ക്ക് എന്ന് പറയും. ഇത്തരം ആളുകള്‍ക്ക് മറുപടി നല്‍കുന്നത് സമയം പാഴാക്കലാണെന്നും സ്വര്‍ണമല്യ പറയുന്നു. അന്നൊന്നും ഇതേക്കുറിച്ച്‌ അവബോധം ഇല്ലായിരുന്നു. ഇന്ന് എല്ലാവരും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച്‌ സംസാരിക്കുന്നുണ്ടെന്നും സ്വര്‍ണമല്യ വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും സ്വര്‍ണമല്യ സംസാരിച്ചു. പരാജയങ്ങളെ അഭിമുഖീകരിക്കാൻ ഇപ്പോള്‍ പറ്റുന്നു.

ഇരുപതോ മുപ്പതോ വയസിലോ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ ഒരു കാര്യം ചെയ്യുമ്ബോഴേ, ഇത് പരാജയപ്പെട്ടാല്‍ എന്താകുമെന്ന് മനസില്‍ സങ്കല്‍പ്പിച്ച്‌ നോക്കും. പ്ലാൻ ബിയെക്കുറിച്ച്‌ ചിന്തിക്കുമെന്നും സ്വര്‍ണമല്യ പറഞ്ഞു.

അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ തന്റെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ച്‌ സ്വര്‍ണമല്യ സംസാരിച്ചിരുന്നു. വിവാഹം ചെയ്യുമ്ബോള്‍ എനിക്ക് പ്രായം 21 ഉം. അദ്ദേഹത്തിന് 25 ഉം. അത് പരാജയപ്പെടേണ്ട ബന്ധമായിരുന്നു. രണ്ട് പേരുടെയും ഭാഗത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അമേരിക്കൻ ജീവിതവുമായി പൊരുത്തപ്പെടാൻ തനിക്ക് കഴിയില്ലായിരുന്നെന്നും സ്വര്‍ണമല്യ വ്യക്തമാക്കി.