സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളത്തില്‍ 12,000; യു.പിയിലും മധ്യപ്രദേശിലും 2000 രൂപ വീതവും
ന്യൂഡല്‍ഹി: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നത് യു.പിയും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ ആറിരട്ടി തുക.
പാചക തൊഴിലാളികള്‍ക്ക് കേരളം പ്രതിമാസം 12,000 രൂപയും തമിഴ്നാട് 4100-12,500 രൂപയും പുതുച്ചേരി 10,000 രൂപയും നല്‍കുമ്ബോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും യു.പിയും നല്‍കുന്നത് 2000 രൂപ വീതം മാത്രം.
ഉത്തരാഖണ്ഡ് 3000 രൂപയും ഗുജറാത്ത് 2500 രൂപയും മാത്രമാണ് പാചക തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ 1742 രൂപയും ഭരിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ 3700 രൂപയും നല്‍കുമ്ബോള്‍ ഝാര്‍ഖണ്ഡില്‍ 2000 രൂപയും ഹിമാചല്‍ പ്രദേശില്‍ 3500 രൂപയും മാത്രമാണ് വേതനമെന്ന് എ.എ. റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അന്നപൂര്‍ണ്ണ ദേവി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് നല്‍കുന്ന ഓണറേറിയം 1000 രൂപയായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത് 2009ലാണെന്നും അതിന് ശേഷം ഇതുവരെ തുക പുതുക്കി നല്‍കാൻ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും 1000 രൂപയില്‍ 600 രൂപ മാത്രമാണ് കേന്ദ്രവിഹിതമെന്നും റഹീം കുറ്റപ്പെടുത്തി.