മൂവാറ്റുപുഴ മേഖലയില്‍ പനി പടരുന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയില്‍ പകര്‍ച്ചപനി അടക്കം പടര്‍ന്നു പിടിക്കുന്നു. ഡെങ്കിപനിയും വ്യാപകമായി. പനി ബാധിച്ച് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് സ്ഥിതി.
നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ തിരക്കാണ്. ജനറല്‍ ആശുപത്രിയില്‍ നിത്യേന ഇരുന്നൂറില്‍ അധികം പേരാണു പനിക്കു ചികിത്സ തേടി എത്തുന്നതെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്.
ശരീര വേദനയും ചെറിയ പനിയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പം ഉണ്ടാകും. കഫക്കെട്ടും ശരീര വേദനയും ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതായാണു പനി ബാധിച്ചവര്‍ പറയുന്നു. കടുത്ത ക്ഷീണവും ഉണ്ടാകും.
സീസണല്‍ ഇൻഫ്ലുവൻസയാണു ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സക്കെത്തിയവരില്‍ കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് ലക്ഷണവുമായി എത്തുന്നവരോട് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും തയാറാകുന്നില്ലന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ഇതുമൂലം കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് എടുക്കാനാകുന്നില്ലന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇങ്ങിനെയുള്ളവര്‍ക്ക് ആൻറിവൈറല്‍ ടാബ്‌ലെറ്റ് കൂടി നല്‍കുകയാണ് ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങുന്നവര്‍ മാസ്ക് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.