എറണാകുളത്തെ റെയില്‍വേ സ്റ്റേഷൻ; ജനുവരി മുതല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധം
കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്), ടൗണ്‍ (നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോകള്‍ക്ക് റെയില്‍വേ കാര്‍ട്ട് ലൈസൻസ് (പെര്‍മിറ്റ്) നിര്‍ബന്ധമാക്കി ഉത്തരവിറക്കി.
ജനുവരി ഒന്നുമുതല്‍ കാര്‍ട്ട് ലൈസൻസ് ഇല്ലാത്ത ഓട്ടോകളില്‍ സ്റ്റേഷൻ പരിധിയില്‍നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഓട്ടോയുടെ പ്രധാന രേഖകള്‍ ഹാജരാക്കിയാണ് ലൈസൻസ് എടുക്കേണ്ടത്.
രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി), ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് സിറ്റി പെര്‍മിറ്റ്, പൊല്യൂഷൻ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് (പി.യു.സി), ഡ്രൈവര്‍ക്കുള്ള പൊലീസ് വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് രേഖകള്‍. ഒക്ടോബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31വരെയുള്ള കാര്‍ട്ട് ലൈസൻസ് ഫീസ് 18 ശതമാനം ജി.എസ്.ടി ഉള്‍പ്പടെ 1475 രൂപയാണെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ ഓഫിസ് സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ അറിയിച്ചു.
ഓട്ടോകള്‍ നിരന്തരം പ്രീപെയ്ഡ് കൗണ്ടറുകള്‍ ബഹിഷ്കരിക്കുകയും ഓണ്‍ലൈൻ ടാക്സി സര്‍വിസുകള്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തതുമൂലം യാത്രക്കാര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.