ക്രിസ്മസ്-നവവത്സര ആഘോഷം: മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
പത്തനംതിട്ട: ക്രിസ്മസ്-നവവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്ബോള്‍ വൈദ്യുതി സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തപക്ഷം അപകടങ്ങള്‍ സംഭവിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• താല്‍ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുതി കണക്ഷന്റെ തുടക്കത്തില്‍തന്നെ പ്രവര്‍ത്തനക്ഷമമായ 30 മില്ലി ആമ്ബിയര്‍ സെന്‍സിറ്റിവിറ്റിയുള്ള എര്‍ത്ത് ലീക്കേജ് സുരക്ഷാസംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടുതല്‍ സര്‍ക്യൂട്ടുകള്‍ ഉണ്ടെങ്കില്‍, ഓരോന്നിനും ഈ സംവിധാനം നല്‍കുന്നത് ഉചിതമാണ്.
• ഒരു കാരണവശാലും മെയിന്‍ സ്വിച്ചില്‍നിന്നോ എനര്‍ജി മീറ്ററിനുശേഷമുള്ള ഫ്യൂസ്, ന്യുട്രല്‍ലിങ്ക് ഇവയില്‍നിന്നോ നേരിട്ട് വൈദ്യുതി എടുക്കാതിരിക്കുക.
• വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരമുള്ളതും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും ആണെന്ന് ഉറപ്പുവരുത്തുക.
• വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍നിന്നും ഓണ്‍ലൈൻ വഴിയും വാങ്ങുന്ന ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കും. വൈദ്യുതി സാമഗ്രികളില്‍ ഐ.എസ്.ഐ മുദ്രണം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
• സിംഗിള്‍ ഫേസ് വൈദ്യുതി എടുക്കുന്നതിന് മൂന്ന് കോര്‍ ഉള്ള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ / വയര്‍ മാത്രമേ ഉപയോഗിക്കാവൂ. ജോയന്റ് / കേടായ കേബിള്‍ / വയറുകള്‍ ഉപയോഗിക്കരുത്. വൈദ്യുതി എടുക്കുന്നതിന് ത്രീ പിന്‍ പ്ലഗുകള്‍ ഉപയോഗിക്കണം.
• ജനല്‍, വാതില്‍ മറ്റ് ലോഹങ്ങള്‍ എന്നിവയില്‍ മുട്ടുന്ന രീതിയില്‍ വയറുകള്‍ വലിക്കരുത്. കൈ എത്തുന്ന അകലത്തില്‍ വയറുകളോ ഉപകരണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. പിണഞ്ഞുള്ള പ്ലാസ്റ്റിക് വയറുകള്‍ വൈദ്യുതി എടുക്കാനോ അലങ്കാരത്തിനോ ഉപയോഗിക്കരുത്. ഇത് തീപിടിത്തം ഉണ്ടാകാൻ കാരണമാകും.
• ഫേസില്‍ അനുയോജ്യമായ ഫ്യൂസ്/ എം.സി.ബി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഔട്ട്ഡോര്‍ ഉപയോഗത്തിന് എന്ന് രേഖപ്പെടുത്തിയ ഉപകരണങ്ങള്‍ മാത്രമേ ഔട്ട്ഡോറില്‍ ഉപയോഗിക്കാവൂ. ഏതെങ്കിലും സാഹചര്യത്തില്‍ ഫ്യൂസ് പോവുകയോ എം.സി.ബി/ ആര്‍.സി.സി.ബി ട്രിപ് ആകുകയോ ചെയ്താല്‍ ആയതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചശേഷം മാത്രം വീണ്ടും ചാര്‍ജ് ചെയ്യുക.
• വൈദ്യുതി ഉപയോഗിച്ചിട്ടുള്ള പ്രവൃത്തികള്‍ ഒറ്റക്ക് ചെയ്യരുത്
• എര്‍ത്തിങ് സംവിധാനം ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്നു എന്ന് ഉറവപ്പുവരുത്തണം.
• വൈദ്യുതി സംബന്ധമായ ഏതു പ്രവൃത്തിയും സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴിമാത്രം ചെയ്യുകയും ബന്ധപ്പെട്ട കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സെക്ഷന്‍ ഓഫിസില്‍നിന്ന് അനുമതി നേടുകയും ചെയ്യണം.
• കെ.എസ്.ഇ.ബിയുടെ വൈദ്യുതിയുള്ള സ്ഥലങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്ബോള്‍ ചേഞ്ച് ഓവര്‍ സ്വിച്ച് നിര്‍ബന്ധമായും സ്ഥാപിക്കണം. വൈദ്യുതി ദീപാലങ്കാരങ്ങളും കമാനങ്ങളും ലൈനുകള്‍, ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍ ഇവയുടെ സമീപത്ത് സ്ഥാപിക്കരുത്. ഫോണ്‍: 0468-2223123.