മറിൻ മേഖലയിലെ പുതിയ ചക്രവാതചുഴി, കേരളത്തിന് ആശങ്ക വേണ്ട; അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അറിയാം
തിരുവനന്തപുരം: കോമറിൻ മേഖലക്കും സമീപ പ്രദേശത്തിനു മുകളില്‍ നിലനില്‍ക്കുന്ന പുതിയ ചക്രവാതചുഴിയില്‍ കേരളത്തിന് ആശങ്ക വേണ്ട.
അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ അറിയിപ്പ് പ്രകാരം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മാത്രമല്ല അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയില്‍ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 19-12-2023 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേരള – കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19.12.2023: ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്ന തെക്ക് കിഴക്കൻ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശം
19.12.2023 മുതല്‍ 20.12.2023 വരെ: തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.