കണ്ടലുകള്‍ക്ക് മരണമണി

പാപ്പിനിശ്ശേരി: ദേശീയപാത വികസന പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം പാപ്പിനിശ്ശേരി മേഖലയില്‍ നശിക്കുന്നത് ഏക്കര്‍കണക്കിന് കണ്ടലുകള്‍.അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളാണ് ദേശീയപാത നിര്‍മാണത്തിനിടെയുള്ള ചളിയും കോണ്‍ക്രീറ്റും തള്ളുന്നതുകാരണം ഇല്ലാതാവുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്ത് മുതല്‍ തുരുത്തി വരെയുള്ള ഒന്നര കി.മീറ്ററോളം ദൂരത്തിലുണ്ടായിരുന്ന കണ്ടല്‍ വനങ്ങളാണ് നശിക്കുന്നത്. ആറുവരിപാത കടന്നുപോകുന്ന ഇരു ഭാഗത്തുമായി പതിനഞ്ച് ഏക്കറിലധികം കണ്ടലുകള്‍ ഉണങ്ങി നശിച്ചു. കണ്ടല്‍ക്കാടുകള്‍ ഉണങ്ങുമ്ബോള്‍ അതിനുള്ള പരിഹാരം കാണാൻ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.

ആറു വര്‍ഷം മുമ്പ് പാപ്പിനിശ്ശേരി പഴയങ്ങാടി കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങള്‍ തള്ളിയ മേഖലയില്‍ പിന്നീട് ഒരു കണ്ടല്‍ ചെടി പോലും വളര്‍ന്നിട്ടില്ല. ഇതേ അവസ്ഥയാണ് തുരുത്തി ഭാഗത്ത് പുതിയ പാതയുടെ ഇരു ഭാഗത്തുമുള്ളത്.