എരുമപ്പെട്ടി (തൃശൂര്‍): ഇടയ്ക്കയിലെ കുലപതി തിച്ചൂര്‍ മോഹനൻ (64) വിടവാങ്ങി. തൃശൂര്‍ പൂരം അടക്കമുള്ള പ്രശസ്ത ഉത്സവങ്ങളില്‍ പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണിയായിരുന്നു.
സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. തിച്ചൂര്‍ മാരാത്ത് വീട്ടില്‍ പരേതരായ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും ലക്ഷ്മിക്കുട്ടി പൊതുവാരസ്യാരുടെയും മകനായ മോഹനൻ ചെറുപ്പത്തില്‍തന്നെ വാദ്യകലയില്‍ ആകൃഷ്ടനായിരുന്നു. അമ്മാവനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് വീടിന് സമീപത്തെ തിച്ചൂര്‍ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി. ഇടയ്ക്കയില്‍ തിച്ചൂര്‍ അയ്യപ്പസ്വാമിയാണ് ഗുരു എന്ന് തിച്ചൂര്‍ മോഹനൻ പറഞ്ഞിരുന്നു. ഒമ്ബതാം വയസ്സു മുതല്‍ വരവൂര്‍ കുട്ടൻ നായരുടെ ശിക്ഷണത്തില്‍ ചെണ്ടയില്‍ ഔപചാരിക പഠനം ആരംഭിച്ചു.
തിമിലയില്‍ വെള്ളിതിരുത്തി കൃഷ്ണൻകുട്ടി നായര്‍, പൂക്കാട്ടിരി ദിവാകര പൊതുവാള് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. 17ാം വയസ്സു മുതല്‍ ഉത്സവങ്ങളില്‍ പഞ്ചവാദ്യത്തില്‍ ഇടയ്ക്ക പ്രമാണിയായി. തിരുവില്വാമല ഹരി, പെരിങ്ങോട് സുബ്രഹ്മണ്യൻ, ശ്രീധരൻ എന്നിവരടക്കം നിരവധി പേര് ശിഷ്യന്മാരാണ്. ഭാരതോത്സവ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും നിരവധി വിദേശ രാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു.
ഗുരുവായൂര്‍ ഏകാദശിയുടെ മുന്നോടിയായി നടന്ന വിളക്കിനാണ് അവസാനമായി കൊട്ടിയത്. ഭാര്യ: വിജയലക്ഷ്മി. മകൻ: കാര്ത്തികേയൻ (ബഹ്റൈൻ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്കു ശേഷം മൂന്നിന് പാമ്ബാടി ഐവര്‍മഠം ശ്മശാനത്തില്‍.