ജന്മം നല്‍കിയ അമ്മയെ തേടി സ്വിസ് യുവതി മുംബൈയില്‍

മുംബൈ: ജൻമം നല്‍കിയ അമ്മയെ കാണാൻ മുംബൈയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയാണ് സ്വിറ്റ്സര്‍ലൻഡിലെ വിദ്യ ഫിലിപ്പൻ.

10 വര്‍ഷത്തോളമായി വിദ്യ തന്റെ വേരുകള്‍ തിരഞ്ഞുതുടങ്ങിയിട്ട്. അമ്മയുടെ പേരും വിലാസവും മാത്രമാണ് ഈ 27 കാരിയുടെ കൈയിലുള്ളത്. 1996 ഫെബ്രുവരി എട്ടിനാണ് വിദ്യ ജനിച്ചത്. ജനിച്ചയുടൻ തന്നെ കുഞ്ഞിനെ അമ്മ ക്രിസ്റ്റ്യൻ അനാഥാലയത്തില്‍ ഏല്‍പിക്കുകയായിരുന്നു. അന്ന്തൊട്ട് ആ അനാഥാലയമായിരുന്നു വിദ്യയുടെ വീട്. 1997ല്‍ സ്വിസ് ദമ്ബതികള്‍ ദത്തെടുക്കുന്നത് വരെ അവള്‍ അനാഥത്വം പേറി നടന്നു. പിന്നീടവര്‍ സ്വിറ്റ്സര്‍ലൻഡിലെത്തി.

താൻ വളര്‍ന്ന മുംബൈയിലെ മദര്‍ തെരേസ മിഷണറിയിലും വിദ്യ പോയി. അമ്മയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലില്ല. അമ്മ താമസിക്കാറുണ്ടായിരുന്ന ദഹിസാറിലും മകള്‍ എത്തി. മിഷണറിക്കാരായിരുന്നു വിലാസം നല്‍കിയത്. എന്നാല്‍ ആരെയും കണ്ടില്ല. എന്നെങ്കിലുമൊരിക്കല്‍ ജന്മം നല്‍കിയ മാതാവിനെ കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് ഈ പെണ്‍കുട്ടിയുടെ പ്രതീക്ഷ. അമ്മയെ തേടിയുള്ള യാത്രയില്‍ അഭിഭാഷകയായ അഞ്ജലി പവാര്‍ ആണ് വിദ്യയുടെ സഹായി. വിദ്യ ജനിക്കുമ്ബോള്‍ 20 വയസായിരുന്നു അമ്മക്ക്. 10 വര്‍ഷമായി അമ്മയെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഭര്‍ത്താവിനൊപ്പമാണ് ഇന്ത്യയിലേക്ക് വന്നതെന്നും വിദ്യ പറഞ്ഞു. കമ്ബിളി എന്നാണ് വിദ്യയുടെ കുടുംബപ്പേര്. അമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഈ മകള്‍.