ഭഗവത്ഗീത പഠിപ്പിക്കാൻ ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍. ആറ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പുസ്തകം പുറത്തിറക്കുന്നത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുടെ സമ്ബന്നമായ സംസ്കാരവും വിജ്ഞാന സമ്ബ്രദായങ്ങളെയും കുറിച്ച്‌ അറിവ് നല്‍കുന്നതിനാണ് പുതിയ പുസ്തകം പുറത്തിറക്കിയതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് പുസ്തകമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫുല്‍ പൻഷെരിയ പറഞ്ഞു. എക്സിലൂടെയാണ് പുതിയ പുസ്തകം പുറത്തിറക്കുന്ന വിവരം വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. വിഭ്യാര്‍ഥികളില്‍ അഭിമാനമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ഇന്ത്യയുടെ സമ്ബന്നവും വൈവിധ്യവുമായ സംസ്കാരത്തെ കുറിച്ച്‌ അറിവ് ലഭിക്കാൻ ഭഗവത്ഗീത പഠിപ്പിക്കുന്നത് സഹായിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ഗീതജയന്തി ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. വൈകാതെ തന്നെ പുസ്തകം കുട്ടികള്‍ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ മറ്റ് രണ്ട് ഭാഗങ്ങള്‍ കൂടി ഉടൻ പുറത്തിറക്കുമെന്നും ഇത് ഒമ്ബത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.