സരസം സുന്ദരം;രാജ്യത്തിന്റെ ഉല്പന്ന- ഭക്ഷ്യവൈവിധ്യങ്ങള്‍ ചേര്‍ത്തുള്ള മേള ശ്രദ്ധേയമാവുന്നു
കൊച്ചി: ഇന്ത്യയുടെ അങ്ങേയറ്റത്തെ കശ്മീരില്‍നിന്നുള്ള പഷ്മിന സില്‍ക്ക് ഷാള്‍ മുതല്‍ ഇങ്ങ് തിരുവനന്തപുരത്തുനിന്നുള്ള ചമ്മന്തിപ്പൊടി വരെ ഒറ്റ കുടക്കീഴില് ഒരുക്കി, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ അടയാളപ്പെടുത്തിയ ദേശീയ സരസ്സ് മേള ജനശ്രദ്ധയാകര്‍ഷിക്കുന്നു.
കൊച്ചി കലൂര്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംരംഭകരും കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ഒത്തുചേരുന്ന മേള നടക്കുന്നത്.
കശ്മീര്‍ ആൻഡ് ലഡാക്കിലെ യൂനിറ്റുകളില്‍ നെയ്തെടുത്ത ഹാൻഡ് വര്‍ക്ക് ചെയ്ത പഷ്മിന സില്‍ക്ക് ഷാളുകള്‍, സില്‍ക്ക്, വൂള്‍, മുഗ സില്‍ക്ക് സാരികളുമായാണ് കശ്മീരി സംരംഭകരെത്തിയിട്ടുള്ളത്. മധുവനി ബ്ലോക്ക് പ്രിൻറ്, ബാട്ടിക്, മാര്‍വല്‍, ചന്തേരി തുടങ്ങി ഛത്തിസ്ഗഢിന്റെ തനത് വസ്ത്രരീതികളുമായാണ് കുറേശ്വര് സൂര്യവംശി വീണ്ടും സരസ്സിന്റെ ഭാഗമാകാൻ കൊച്ചിയിലെത്തിയത്. ബാട്ടിക് സില്‍ക്ക് സാരി, മുഗ സില്‍ക്ക്, ഖാദി വസ്ത്രങ്ങള്‍ തുടങ്ങി ത്രിപുരയുടെ വൈവിധ്യങ്ങളുമായാണ് നദീം ആദ്യമായി സരസ്സ് മേളയിലേക്ക് എത്തിയത്.
ഉത്തരേന്ത്യൻ വസ്ത്രങ്ങളായ ഹാഫ് ജാക്കറ്റുകള്‍, ഖാദി കുര്‍ത്തികള്‍, ഷര്‍ട്ടുകള്‍, ഷിഫോണ്‍ വര്‍ക്ക് പട്യാല ചുരിദാര്‍ സെറ്റുകള്‍, ടസ്സര്‍, മുഗ സില്‍ക്ക്, കോട്ടണ്‍ ബ്ലോക്ക് പ്രിന്റ് വസ്ത്രങ്ങള്‍ മുതല്‍ ലെതര്‍ ഹാൻഡ് ബാഗുകള്‍, ക്ലച്ചുകള്‍, ചെരിപ്പുകള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും ദക്ഷിണേന്ത്യയിലെ മുഖ്യ ആകര്‍ഷണങ്ങളായ ബ്ലോക്ക് പ്രിൻറ് സാരികളും ചുരിദാര്‍ സെറ്റുകളും കരകൗശല ഉല്പന്നങ്ങളും സുഗന്ധദ്രവ്യങ്ങള്‍, ഭക്ഷണപാനീയങ്ങളുമെല്ലാം ഇവിടെ ഇഷ്ടത്തിനനുസരിച്ച് വാങ്ങാം. നമ്മുടെ നാടൻ വിഭവങ്ങളുമായി വിവിധ കുടുംബശ്രീ പ്രവര്‍ത്തകരും സ്വയംസംരംഭകരുമുണ്ട്. തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, ക്ലീനിങ് ഉല്പന്നങ്ങള്, അച്ചാര്‍, ചെടികള്‍, വിത്തുകള്‍, തടിയുല്പന്നങ്ങള്, കൗതുകവസ്തുക്കള്‍, ചെരിപ്പ്, ആയുര്‍വേദ ഔഷധങ്ങള്‍, ജൈവോല്പന്നങ്ങള്, പലതരം പൊടികള്‍ തുടങ്ങി മേളയില്‍ കിട്ടാത്തതൊന്നുമില്ല. ഇതിനെല്ലാം പുറമെയാണ് രുചിയുടെ വൈവിധ്യം തീര്‍ത്ത് മറുഭാഗത്ത് ഭക്ഷ്യമേള തകര്‍ക്കുന്നത്. 10 രൂപയുടെ ചായ മുതല്‍ 180 രൂപക്ക് ഹൈദരാബാദി ബിരിയാണി വരെ കിട്ടും. അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി ദോശക്ക് 200 രൂപയാണ്. ആലപ്പുഴയില്‍നിന്നുള്ള പാല്‍ക്കപ്പ, കരിമീൻ പൊള്ളിച്ചത്, ഇടുക്കിയില്‍നിന്ന് പാലപ്പം, ഉത്തരാഖണ്ഡില്‍നിന്നും മോമോസ്, ഹൈദരാബാദി ചിക്കൻ കെബാബ് തുടങ്ങിയ രുചിയുടെ പാൻ ഇന്ത്യൻ കാഴ്ചയാണിവിടെ.
കുങ്കുമപ്പൂവും ജൂനിപര്‍ തിരികളുമായി കാര്‍ഗില്‍ സിസ്റ്റേഴ്സ്
കൊച്ചി: ”മഞ്ഞുകട്ടകളുടെയും കൊടുംതണുപ്പിന്റെയും നാട്ടില്‍നിന്നാണ് ഞങ്ങള്‍ വരുന്നത്. ഈ സമയത്തൊക്കെ മൂന്നും നാലും സ്വെറ്റര്‍ ഇട്ടാണ് നടക്കുക. ഇവിടെ വന്നപ്പോഴോ വല്ലാത്ത ചൂടും” പറയുന്നത് ഇന്ത്യയുടെ വടക്കേ അതിര്‍ത്തിയിലുള്ള കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍നിന്നുള്ള രണ്ടു സഹോദരികളാണ്. 1999ല്‍ കാര്‍ഗില്‍ യുദ്ധം നടന്ന അതേ കാര്‍ഗില്‍ ജില്ലയില്‍നിന്നുള്ള നജ്മ, മറിയംബി എന്നിവരാണിവര്‍. കൊച്ചിയില്‍ നടക്കുന്ന ദേശീയ സരസ്സ് മേളയില്‍ തങ്ങള്‍ തയാറാക്കുന്ന ജൈവഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ എത്തിയതാണ് നജ്മയും മറിയവും. കെ.എസ്.എച്ച് എന്ന പേരിലുള്ള ബ്രാൻഡില്‍ ഇവരുടെ കുടുംബം വിപണനം ചെയ്യുന്ന ഉല്പന്നങ്ങളില് ഡ്രൈ ഫ്രൂട്ട്സാണ് ഏറെയും.
കുങ്കുമപ്പൂവ്, ജൂനിപര്‍ തിരി, ഒട്ടേറെ ഔഷധഗുണങ്ങളടങ്ങിയ ശിലാജിത്ത്, ചോളപ്പൊടി എന്നിവയും ആപ്രിക്കോട്ട്, ആപ്രിക്കോട്ട് ഓയില്‍, ബദാം, വാള്‍നട്ട് തുടങ്ങിയ ഇനങ്ങളുമാണ് ഇവരുടെ സ്റ്റാളിലുള്ളത്. ഔഷധവൃക്ഷമായ ജൂനിപറില്നിന്ന് എടുക്കുന്ന ചന്ദനത്തിരിപോലുള്ള ചെറിയ തിരികളാണ് ഉല്പന്നങ്ങളിലൊന്ന്. ചന്ദനത്തിരിയേക്കാള് മികച്ച സുഗന്ധമാണ് ഇവ പരത്തുകയെന്ന് 23കാരിയായ നജ്മ ചൂണ്ടിക്കാട്ടി. ആപ്രിക്കോട്ട് ഉണക്കിയതും മധുരമുള്ളതുമെല്ലാം വെവ്വേറെയുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവരുടെ കുടുംബം ജൈവ ഉല്പന്നങ്ങളുടെ ഉല്പാദന-വിപണനത്തിലേക്കിറങ്ങിയിട്ട്. അധികവും തങ്ങളുടെതന്നെ ഫാമുകളില്‍ കൃഷി ചെയ്യുന്ന ഇനങ്ങളാണെന്ന് ഇവര്‍ പറയുന്നു.
മാതാപിതാക്കളും സംരംഭത്തിന് കൂട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് നജ്മയും മറിയംബിയും മാത്രമാണ് വന്നിട്ടുള്ളത്. നജ്മ വിദ്യാര്‍ഥിനിയും മറിയം വീട്ടമ്മയുമാണ്. കൊച്ചിയെയും കേരളത്തിലെ ഭക്ഷണവും ഇഷ്ടമായെന്നും സഹോദരിമാര്‍ ചൂണ്ടിക്കാട്ടി.