ക്രിസ്മസ് അവധി: ട്രെയിൻ യാത്ര വീണ്ടും ‘വാഗണ്‍ ട്രാജഡി’

കോഴിക്കോട്:ക്രിസ്മസ് അവധിയില്‍ ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കയറിപ്പറ്റാൻ യാത്രക്കാര്‍ ജീവൻമരണ പോരാട്ടം നടത്തുന്ന അവസ്ഥയാണ്.

വാഗണ്‍ ട്രാജഡിയായി മാറുന്ന അവസ്ഥയിലാണ് വീണ്ടും മലബാറിലെ ട്രെയിനുകള്‍. പുതുവത്സര-ക്രിസ്മസ് അവധിയെടുത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കമുള്ളവര്‍ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ ട്രെയിനുകളില്‍ കയറിപ്പറ്റാൻ കഴിയാതെ വലയുകയാണ് ജനം.

റിസര്‍വ് ടിക്കറ്റുകള്‍ രണ്ടു മാസം മുമ്ബ് തന്നെ തീര്‍ന്നിരുന്നു. നാമമാത്ര അധിക കോച്ചുകള്‍ അനുവദിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. അഞ്ചുമണിക്ക് കോഴിക്കോട് എത്തുന്ന പരശുറാം എക്സ് പ്രസില്‍ അനുവദിച്ചിരുന്ന രണ്ട് അധിക കോച്ചുകള്‍ മണിക്കൂറുകള്‍ക്കകം റെയില്‍വേ പിൻവലിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി സര്‍വിസ് നിര്‍ത്തിവെച്ച എക്സ്പ്രസ് ട്രെയിനുകളുടെ സര്‍വിസ് പുനരാരംഭിക്കാത്തതും പ്രതിസന്ധി കൂട്ടി. ജനറല്‍ കംപാര്‍ട്ട് മെന്‍റുകള്‍ നാമമാത്രമായതാണ് സാധാരണക്കാരുടെ യാത്ര ഏറെ ദുഷ്കരമാകുന്നത്.

എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രാ സൗകര്യങ്ങള്‍ പോലും കോഴിക്കോടിന് അനുവദിച്ചു കിട്ടിയിട്ടില്ല. മലബാര്‍ മേഖലയില്‍ നിന്നുള്ള എം.പിമാര്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് ഈ അവഗണനക്ക് ആക്കം കൂട്ടുന്നതെന്നും ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മകള്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഓണം അവധിക്കാലത്തും യാത്രാ സൗകര്യമില്ലാതെ ആളുകള്‍ വലഞ്ഞത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നിട്ടും ഇത്തവണയും കാര്യങ്ങള്‍ പഴയപടി തന്നെയാണ്. എന്നാല്‍, മലബാറിനോട് അവഗണനയില്ലെന്നും തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉള്ളതുകൊണ്ടാണ് കൂടുതല്‍ സര്‍വിസുകള്‍ ലഭിക്കുന്നതെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

ക്രിസ്മസിന് സ്പെഷല്‍ വന്ദേഭാരത് ട്രെയിന്‍

കോഴിക്കോട്: കോഴിക്കോട്ടേക്ക് ക്രിസ്മസിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വിസ് അനുവദിച്ചു. ഏറെ തിരക്കേറിയ സമയമായിട്ടും ഒറ്റ സര്‍വിസ് മാത്രമാണ് അനുവദിച്ചത്. ഡിസംബ‍ര്‍ 25ന് ചെന്നൈ സെൻട്രലില്‍നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വിസ് അനുവദിച്ചിരിക്കുന്നത്. പുലര്‍ച്ചെ 4.30ന് ചെന്നൈയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 3.20ന് കോഴിക്കോട്ടെത്തും