ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തിനിരയായ കപ്പലുകളില്‍ ഇന്ത്യൻ ക്രൂഡ് ഓയില്‍ ടാങ്കറും
ന്യൂഡല്‍ഹി: തെക്കൻ ചെങ്കടലില്‍ യമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളില്‍ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയില്‍ ടാങ്കറും.ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബണ്‍ പതാക ഘടിപ്പിച്ച കപ്പലില്‍ 25 ഇന്ത്യൻ ക്രൂ അംഗങ്ങള്‍ ഉണ്ടെന്ന് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡ്രോണ്‍ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളില്‍ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയില്‍ ടാങ്കറും ഉള്‍പ്പെടുന്നുവെന്ന് യു.എസ് സെൻട്രല്‍ കമാൻഡ് നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യൻ തീരത്ത് മറ്റൊരു ടാങ്കര്‍ ആക്രമണത്തിന് ഇരയായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലെ രാത്രി 10:30 ഓടെ ആക്രമണം നടന്നത്. ഇതിനു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ യമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളില്‍ നിന്ന് വന്ന നാല് ഡ്രോണുകള്‍ യു.എസ് ഡിസ്ട്രോയര്‍ വെടിവച്ചിട്ടിരുന്നു.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇന്ത്യൻ മഹാസമുദ്രത്തില്‍ കഴിഞ്ഞമാസം ഇസ്രായേലി ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെയും ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഇതിനുപിന്നില്‍ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള ‘യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ്’ അറിയിച്ചു.