യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം.പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാര്‍ (25) ആണ് മരിച്ചത്. ജലസംഭരണിയുടെ ഒരു ഭാഗം മൂടാതെ തുറന്നിട്ട നിലയിലായിരുന്നു.

കെട്ടിടത്തിന് മുകളില്‍ യുവാവ് കയറിയത് കൂടെ ജോലി ചെയ്യുന്നവരാരും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ച രണ്ടരക്കാണ് സംഭവം. സ്റ്റേഡിയം മതിലിനോട് ചേര്‍ന്നുളള പ്രത്യേക കെട്ടിടത്തിന് മുകളില്‍ അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ച ജലസംഭരണിയാണിത്.

സ്റ്റേഡിയത്തില്‍ യുനൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ലബ് നടത്തുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായുള്ള അലങ്കാര ജോലിക്കെത്തിയതായിരുന്നു യുവാവ്. ഗോവണിയിലൂടെ കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് മൂടിയില്ലാത്ത ടാങ്കില്‍ വീണതാകാമെന്നാണ് അധികൃതരുടെ നിഗമനം. തലശ്ശേരി എസ്.എൻ.എസ് സൗണ്ട്സിലെ ജീവനക്കാരനാണ് മരിച്ച സജിൻ കുമാര്‍. ജലസംഭരണിക്ക് 20 അടി താഴ്ചയുണ്ട്. കെട്ടിടത്തിന് മുകളില്‍ അഗ്നിരക്ഷാ സേനക്കാര്‍ മാത്രമേ കയറാറുള്ളൂ. അതുകൊണ്ടു തന്നെ ഇവിടെ തുറന്നിട്ട ജലസംഭരണി ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല.

തിങ്കളാഴ്ച വൈകീട്ടാണ് സജിൻ കുമാറും സഹപ്രവര്‍ത്തകരും സ്റ്റേഡിയത്തില്‍ അലങ്കാര ജോലിക്കെത്തിയത്. ദീപാലങ്കാരം നടത്തിയ ശേഷമാണ് ജല സംഭരണിയുളള കെട്ടിടത്തിന് മുകളിലേക്ക് യുവാവ് കയറിയത്. രണ്ട് മൂടികളുള്ളതാണ് ജലസംഭരണി. ഇവയില്‍ ഒന്ന് തുറന്നിട്ട നിലയിലാണ്. ഇരുട്ടില്‍ ഇത് കണ്ടില്ലായിരിക്കാം. ഏറെ വൈകിയിട്ടും സജിൻ കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സ്റ്റേഡിയം കെട്ടിട നിര്‍മാണത്തില്‍ അപാകതകള്‍ ഉളളതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. സ്പീക്കര്‍ എ.എൻ. ഷംസീര്‍, കെ.പി. മോഹനൻ എം.എല്‍.എ എന്നിവരടക്കമുള്ളവര്‍ വിവരമറിഞ്ഞ് സ്റ്റേഡിയത്തിലെത്തി.

അന്വേഷണം വേണം

തലശ്ശേരി: സ്റ്റേഡിയം കോംപ്ലക്സിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറുമായി ചര്‍ച്ച നടത്തി. അനധികൃതമായി സ്റ്റേഡിയത്തിലെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് കൂട്ടുനിന്ന ബന്ധപ്പെട്ടവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.

കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി മെംബര്‍ സജീവ് മാറോളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, നേതാക്കളായ പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, പി.ഒ. മുഹമ്മദ് റാഫി എന്നിവരാണ് സിറ്റി പൊലീസ് കമീഷണറെ കണ്ട് ചര്‍ച്ച നടത്തിയത്