ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം

ചെറുതുരുത്തി: മുള്ളൂര്‍ക്കര പഞ്ചായത്തിലെ ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ഒരു വീട്ടില്‍നിന്ന് ഗ്യാരണ്ടിയുടെ മാലയും 4000 രൂപയും കൊണ്ടുപോയി.

മറ്റു സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ആറ്റൂര്‍ ജുമാ മസ്ജിദിന് സമീപം റെയില്‍വേ ട്രാക്കിന്റെ എതിര്‍വശത്ത് നരിപ്പറ്റ റോഡിന് സമീപം താമസിക്കുന്ന അള്ളന്നൂര്‍ വീട്ടില്‍ ഉമ്മറിന്റെയും അള്ളന്നൂര്‍ വീട്ടില്‍ അലിയുടെയും വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

ഉമ്മറിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മുൻ വാതില്‍ പൊളിച്ച്‌ കയറി അലമാരയും മറ്റു സാമഗ്രികളും വാരിവലിച്ചിട്ട് കുടുംബശ്രീയുടെ പിരിച്ചെടുത്ത 4000 രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയത്. സമാന രീതിയില്‍ അലിയുടെ വീടിന്റെ പിൻവാതില്‍ കുത്തിത്തുറന്ന് അലമാരയും മറ്റും തുറന്ന് സാമഗ്രികള്‍ വാരിവലിച്ചിട്ടുണ്ട്. ഈ സമയം വീട്ടുകാര്‍ സംഭവം അറിഞ്ഞിരുന്നില്ല. ഇവരുടെ സ്വര്‍ണം ഇട്ടുവെക്കുന്ന പെട്ടിയുടെ മുകളില്‍ വച്ചിരുന്ന ഗ്യാരണ്ടി മാല കൊണ്ടുപോയിട്ടുണ്ട്. സ്വര്‍ണപ്പെട്ടി കൊണ്ടുപോയിട്ടില്ല. ചെറുതുരുത്തി പൊലീസ്, ഡോഗ് സ്കോഡ്, വിരലടായ വിദഗ്ധൻ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് അംഗം കെ.എ. മുഹിയുദ്ദീൻ പറഞ്ഞു.

ചിറ്റഞ്ഞൂരില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച

കുന്നംകുളം: ചിറ്റഞ്ഞൂരിലെ ആലത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. അഞ്ച് പവനോളം സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. അഞ്ഞൂര്‍ ആലത്തൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ഗീവര്‍ഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളും മൂവായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.