മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു
മഞ്ചേരി: നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗണ്‍സിലറായിരുന്ന അബ്ദുല്‍ ജലീല്‍ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് (29) വെട്ടേറ്റത്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ നെല്ലിക്കുത്ത് സ്കൂളിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. 2022 മാര്‍ച്ച് 28ന് പയ്യനാട് താമരശ്ശേരിയില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജലീല്‍ കൊല്ലപ്പെടുകയുമായിരുന്നു.
കരിങ്കല്ല് ഉപയോഗിച്ച് പ്രതികള്‍ കൗണ്‍സിലറെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ മൂന്ന് പ്രതികളാണുള്ളത്.